ഷില്ലോംഗ്/കൊഹിമ: തീ പാറിയ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ശേഷം ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ നാഗാലൻഡിലും മേഘാലയയിലും രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. ഇരു സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് വൈകുന്നേരം 4 മണിക്ക് അവസാനിക്കും.
മേഘാലയയിൽ 21 ലക്ഷത്തിലധികം (21,75,236) വോട്ടർമാരിൽ 10.99 ലക്ഷം സ്ത്രീകളും 10.68 ലക്ഷം പുരുഷന്മാരും ആണുള്ളത്. ഇതിൽ 81,000 പേർ കന്നി വോട്ടർമാരാണ്. 60 നിയമസഭ മണ്ഡലങ്ങളിലായി 369 സ്ഥാനാർഥികളാണ് മത്സരിക്കാനുള്ളത്. 36 വനിതകളും മത്സരരംഗത്തുണ്ട്. 44 പേർ സ്വതന്ത്ര സ്ഥാനാർത്ഥികളാണ്. 3,419 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുക. മേഘാലയയിലെ 60 നിയമസഭ മണ്ഡലങ്ങളിൽ 36 എണ്ണം ഖാസി, ജയന്തിയാ ഹിൽസ് മേഖലയിലും 24 എണ്ണം ഗാരോ ഹിൽസ് മേഖലയിലുമാണ്.
60 സീറ്റുകളുള്ള മേഘാലയ നിയമസഭയുടെ നിലവിലെ കാലാവധി മാർച്ച് 15ന് അവസാനിക്കും. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം 31 ആണ്. 2018 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ, ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) 19 സീറ്റുകളും കോൺഗ്രസിന് 21 സീറ്റുകളും, ഭാരതീയ ജനതാ പാർട്ടി (ബിജെപി) രണ്ട് സീറ്റുകളും നേടിയിരുന്നു.
യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യുഡിപി) ആറ് സീറ്റുകൾ നേടി. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവെങ്കിലും യുഡിപിയുടെയും ബിജെപിയുടെയും മറ്റ് പ്രാദേശിക പാർട്ടികളുടെയും പിന്തുണയോടെ എൻപിപിയുടെ നേതൃത്വത്തിലുള്ള മേഘാലയ ഡെമോക്രാറ്റിക് അലയൻസ് (എംഡിഎ) സർക്കാർ രൂപീകരിച്ചു. ഇത്തവണ പക്ഷേ ബിജെപിയും എൻപിപിയും തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യം ഉണ്ടാക്കിയിട്ടില്ല, ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ബിജെപിയും കോൺഗ്രസും എല്ലാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.
12 കോൺഗ്രസ് എംഎൽഎമാരുടെ കൂറുമാറ്റത്തെത്തുടർന്ന് 2021-ൽ മേഘാലയയിലെ പ്രധാന പ്രതിപക്ഷ കക്ഷിയായി മാറിയ തൃണമൂൽ കോൺഗ്രസ് (ടിഎംസി),നേതാവ് മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയുടെ നേതൃത്വത്തിൽ ശക്തമായ സ്വാധീനമായി നില നിൽക്കുന്നുണ്ട്. 58 സീറ്റുകളിലാണ് ടിഎംസി സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി കോൺറാഡ് സാങ്മ സൗത്ത് ടുറ മണ്ഡലത്തിൽ മത്സരിക്കുമ്പോൾ എൻപിപി അധ്യക്ഷനെതിരെ ബിജെപി ബർണാഡ് എൻ മറാക്കിനെയാണ് മത്സരിപ്പിക്കുന്നത്. ഡാഡെൻഗ്രെയിൽ എൻപിപിയുടെ ജെയിംസ് സാങ്മയ്‌ക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി ചെസ്‌റ്റർഫീൽഡ് സാംഗ്‌മയാണ് രംഗത്ത്. മുൻ മുഖ്യമന്ത്രി മുകുൾ സാംഗ്‌മ തൃണമൂൽ ടിക്കറ്റിൽ തിക്രികില്ല, സോങ്‌സാക് എന്നീ രണ്ട് സീറ്റുകളിലാണ് മത്സരിക്കുന്നത്. യുഡിപി നേതാവ് മെത്ബ ലിങ്ദോ മൈരാംഗിൽ മത്സരിക്കുന്നു. കൂടാതെ, എൻപിപി പിനൂർസ്‌ളയിൽ നിന്ന് പ്രെസ്റ്റോൺ ടിൻസോങ്ങിനെ മത്സരിപ്പിച്ചു. യുഡിപി സ്ഥാനാർത്ഥി ടിറ്റോസ്‌റ്റാർ വെൽ ചൈൻ സോഹ്‌റയിൽ മത്സരിക്കുന്നു. നോങ്തിമ്മായിയിൽ നിന്ന് ചാൾസ് പിങ്ഗ്രോപ്പിനെയാണ് ടിഎംസി മത്സരിപ്പിച്ചത്. സൗത്ത് ഷില്ലോങ്ങിൽ സാൻബോർ ഷുല്ലായിയെയും വെസ്റ്റ് ഷില്ലോങ്ങിൽ ഏണസ്റ്റ് മാവ്‌റിയെയും ബിജെപി സ്ഥാനാർത്ഥികളായി. ഈസ്‌റ്റ് ഷില്ലോങ്ങിൽ നിന്നുള്ള എൻപിപിയുടെ സ്ഥാനാർത്ഥിയാണ് മസെൽ അമ്പാരീൻ ലിംഗ്ദോ.
പിന്തോറുംക്രയിൽ അലക്‌സാണ്ടർ ലാലു ഹെക്കിനെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കിയത്. യുഡിപി നേതാവ് ലക്‌മെൻ റിംബുയിയാണ് അംലാരെമിൽ മത്സരിക്കുന്നത്. സുത്ംഗ സായ്‌പുംഗിൽ കോൺഗ്രസ് വിൻസെന്‍റ് എച്ച് പാലയെ സ്ഥാനാർത്ഥിയാക്കി. യുഡിപി സ്ഥാനാർത്ഥി കിർമെൻ ഷില്ല ഖ്‌ളീഹ്‌റിയാത്തിൽ മത്സരിക്കുന്നു. എൻപിപി മുതൽ ബിജെപി വരെയും കോൺഗ്രസ് മുതൽ തൃണമൂൽ വരെയും പാർട്ടികൾ പ്രചാരണത്തിന്‍റെ എല്ലാ ഘട്ടത്തിലും ആവേശം കെടാതെയാണ് മത്സരിച്ചത്. ആർക്കും ഒരു ഘട്ടത്തിലും ഭൂരിപക്ഷം പ്രവചിക്കാനാവാതെയാണ് മേഘാലയയുടെ രാഷ്‌ട്രീയ സാഹചര്യം. തെരഞ്ഞെടുപ്പ് കമ്മീഷൻ 119 കമ്പനി കേന്ദ്ര സായുധ പോലീസ് സേനയെയാണ് (സിഎപിഎഫ്) മേഘാലയയിൽ വിന്യസിച്ചിരിക്കുന്നതെന്ന് മേഘാലയ ചീഫ് ഇലക്‌ടറൽ ഓഫീസർ എഫ്ആർ ഖാർകോങ്കോർ പറഞ്ഞു.
അതേ സമയം നാഗാലാൻഡിൽ, കോൺഗ്രസ് സ്ഥാനാർത്ഥി സ്ഥാനാർത്ഥിത്വം പിൻവലിച്ചതിനെത്തുടർന്ന് അകുലുട്ടോ സീറ്റിൽ നിന്ന് പാർട്ടി സ്ഥാനാർത്ഥി കസെറ്റോ കിനിമി എതിരില്ലാതെ വിജയിച്ചതിനാൽ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നിട്ടുണ്ട്. ഖേകാഷെ സുമി സ്ഥാനാർത്ഥിത്വം പിൻവലിച്ചതിന് പിന്നാലെ നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ 183 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിജെപി, സിപിഐ (1), ഐഎൻസി (23), എൻസിപി (12), എൻപിപി (12), എൻഡിപിപി (40), എൻപിഎഫ് (22), ആർപിപി (1), ജെഡി (യു) എന്നിവിടങ്ങളിൽ നിന്നുള്ള 20 സ്ഥാനാർഥികളാണ് സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ) (7), എൽജെപി (രാം വിലാസ്) (15), ആർപിഐ (അഥവാലെ) (9), ആർജെഡി (3), സ്വതന്ത്രൻ (19) എന്നിങ്ങനെയാണ് കണക്കുൾ.
ഇത്തവണ മത്സരരംഗത്തുള്ള 183 സ്ഥാനാർത്ഥികളിൽ നാല് പേർ വനിതകളാണ്. 1963-ൽ നാഗാലാൻഡ് ഇത് സ്ഥാപിതമായതിനുശേഷം ഇതുവരെ 14 നിയമസഭാ തിരഞ്ഞെടുപ്പുകൾ സംസ്ഥാനത്ത് നടന്നിട്ടുണ്ട്. ഇതുവരെയും ഒരു വനിതാ എംഎൽഎ നാഗാലാൻഡിൽ നിന്നുണ്ടായിട്ടില്ല. ഇത്തവണ ഒരു പക്ഷേ ചരിത്രം മാറിയേക്കാം. മൊത്തം 13,17,632 വോട്ടർമാരിൽ 6,61,489 പുരുഷന്മാരും 6,56,143 സ്ത്രീകളുമാണ് ഉള്ളത്. 60 നിയമസഭാ മണ്ഡലങ്ങളാണ് നാഗാലാൻഡിലുള്ളത്.