ഷില്ലോംഗ് :കൊവിഡ് കേസുകൾ കൂടുന്നതിനാൽ സംസ്ഥാനത്തെ ലോക്ക്ഡൗൺ നീട്ടിയതായി മേഘാലയ ചീഫ് സെക്രട്ടറി എം.എസ്. റാവു. ജൂൺ 21 വരെയായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ. കേസുകളുടെ എണ്ണം ഇപ്പോഴും ഉയര്‍ന്നുനില്‍ക്കുകയാണെന്നും ഗ്രാമീണ മേഖലയിൽ ഗണ്യമായ വ്യാപനം നടക്കുന്നുണ്ടെന്നും റാവു പറഞ്ഞു.
മുഖ്യമന്ത്രി കോൺറാഡ് കെ സാംഗ്മയുടെ അധ്യക്ഷതയില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിൽ അണുബാധയുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അവലോകനം നടത്തി.
അതേസമയം പതിനൊന്ന് ജില്ലകളിലെയും ഡെപ്യൂട്ടി കമ്മിഷണർമാർക്ക് അതത് ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി തീരുമാനമെടുക്കാൻ അധികാരമുണ്ടെന്ന് ആരോഗ്യമന്ത്രി എ എൽ ഹെക്ക് അറിയിച്ചു.