ഷില്ലോങ്ങ്:റിസോര്‍ട്ടിന്‍റെ മറവില്‍ അനാശാസ്യ കേന്ദ്രം നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബിജെപി മേഘാലയ ഉപാധ്യക്ഷന്‍ ബെര്‍ണാര്‍ഡ് എന്‍ മാരക് പിടിയില്‍. മുന്‍ സൈനിക ഉദ്യോഗസ്ഥനായ മാരക് ചൊവ്വാഴ്‌ച(26.07.2022) ഉത്തര്‍പ്രദേശില്‍ പിടിയിലായതായി പൊലീസ് വൃത്തങ്ങളാണ് അറിയിച്ചത്. തുടര്‍ന്ന് മേഘാലയയിലെ വെസ്റ്റ് ഗാരോ ഹില്‍സ് ജില്ലയിലെ ടൂറയിലുള്ള റിസോര്‍ട്ടില്‍ നടത്തിയ റെയ്‌ഡില്‍ പ്രായപൂര്‍ത്തിയാകാത്ത ആറുപേരെ പൊലീസ് രക്ഷപ്പെടുത്തി. ഇതിന്‍റെ ഭാഗമായി ശനിയാഴ്‌ച(23.07.2022) 73 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
"റിമ്പു എന്നറിയപ്പെടുന്ന ബെര്‍ണാര്‍ഡ് എന്‍ മാരക് ഉത്തര്‍പ്രദേശില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അയാളെ ടൂറയിലേക്ക് എത്തിക്കുന്നതിനായി ഒരു സംഘത്തെ അയച്ചിട്ടുണ്ട്" എന്ന് ജില്ല പൊലീസ് സൂപ്രണ്ടിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. മാരകിനെതിരെ ടൂറ കോടതി തിങ്കളാഴ്‌ച ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ രാജ്യം വിടാതിരിക്കാന്‍ മേഘാലയ ഭരണകൂടം ലുക്കൗട്ട് നോട്ടിസും പുറത്തുവിട്ടു. അന്വേഷണവുമായി സഹകരിക്കണമെന്നും ഷില്ലോങ്ങിലെ സദര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങണമെന്നും നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെയാണ് ഇയാള്‍ പിടിയിലായതായി യുപി പൊലീസ് അറിയിച്ചത്.
മുഖ്യമന്ത്രി കോണ്‍റാഡ് കെ സാങ്‌മ നേതൃത്വം നല്‍കുന്ന സംസ്ഥാന ഭരണ മുന്നണിയായ മേഘാലയ ജനാധിപത്യ സഖ്യത്തിന്‍റെ (എംഡിഎ) ഭാഗമാണ് അറസ്റ്റിലായ ബിജെപി നേതാവ് ബെര്‍ണാര്‍ഡ് എന്‍ മാരക്. അതേസമയം, താന്‍ നിരപരാധിയാണെന്നും മുഖ്യമന്ത്രിയുടെ രാഷ്‌ട്രീയ പകപോക്കലിന്‍റെ ഇരയായതാണെന്നും മാരക് പറഞ്ഞു. ഇതിനെ തുടര്‍ന്ന് ബിജെപിയുടെ ജില്ല നേതൃത്വവും മാരകിന് പിന്തുണയുമായി രംഗത്തെത്തി. എന്നാല്‍ പൊലീസിന് ലഭിച്ച നിര്‍ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവരെ അനുവദിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്‌തതെന്ന് ഉപമുഖ്യമന്ത്രി പ്രെസ്റ്റോൺ ടിൻസോങ് അറിയിച്ചു. അനിഷ്‌ട സംഭവമാണ് നടന്നതെന്ന് അറിയാമെന്നും, ഭരണ മുന്നണിയുടെയോ ഏത് പാര്‍ട്ടിയുടെയോ ഭാഗമായാലും നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാരകിന്‍റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ നിന്ന് നൂറ് കണക്കിന് മദ്യകുപ്പികളും, ഗര്‍ഭനിരോധന ഉറകളും കണ്ടെടുത്തതായും പോലീസ് മുമ്പ് അറിയിച്ചിരുന്നു. ഒരു ഡസനോളം കാറുകളും ഇവിടെ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ തടയുന്ന 1956 ലെ നിയമവും, ഇന്ത്യന്‍ ശിക്ഷ നിയമത്തിന്‍റെ വിവിധ വകുപ്പുകളും മാരകിനെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്. 2000 ത്തിന്‍റെ തുടക്കത്തില്‍ സമാനമായ 25ല്‍ അധികം കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. ഇതിനിടയിലാണ് ഇയാള്‍ ബിജെപിയില്‍ ചേരുന്നതും ആദിവാസി കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതും. നിലവില്‍ പിരിച്ചുവിട്ട സായുധ വിമത ഗ്രൂപ്പായ എഎൻവിസിയുടെ ചെയർമാനായിരുന്നു ബെർണാഡ് എൻ മാരക്.