പട്‌ന : പ്രതിപക്ഷ പാര്‍ട്ടികളുടെ മെഗാ യോഗം ബിഹാറിലെ പട്‌നയില്‍ പുരോഗമിക്കുമ്പോള്‍ അമര്‍ഷം പരിഹാസമായി അവതരിപ്പിച്ച് ബിജെപി. ദേശീയതലത്തില്‍ ബിജെപിക്കെതിരെ ഒരുമിക്കുക എന്ന ലക്ഷ്യവുമായി നടക്കുന്ന 18 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനെതിരെയും ഇതിന് നേതൃത്വം നല്‍കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയുമാണ് ബിജെപി പരിഹാസവുമായി രംഗത്തെത്തിയത്. നിതീഷ് കുമാറിന്‍റെ വസതിയില്‍ നടക്കുന്ന യോഗമായതിനാല്‍ തന്നെ ആ വിവാഹ ഘോഷയാത്രയില്‍ വരന്‍ ആരായിരിക്കുമെന്ന് വ്യക്തമാക്കണമെന്നായിരുന്നു ബിജെപി എംപിയും മുന്‍ കേന്ദ്ര വാർത്താവിനിമയ മന്ത്രിയുമായ രവിശങ്കര്‍ പ്രസാദിന്‍റെ പ്രതികരണം.
വരനെ വ്യക്തമാക്കണം :2024ലെ തെരഞ്ഞെടുപ്പിനായി പട്‌നയിൽ നിതീഷ് കുമാർ ഒരു ഘോഷയാത്ര നടത്തുകയാണ്. ആരാണ് ആ ഘോഷയാത്രയിലെ വരന്‍ ?. എന്നാല്‍ എല്ലാവരും പ്രധാനമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്നവരാണ് എന്നതാണ് പ്രശ്‌നമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നിതീഷും കെജ്‌രിവാളും ഒരുമിച്ചാണ് അവരുടെ അജണ്ട നടപ്പിലാക്കുന്നത്. ഇതുതന്നെയാണ് രാഹുൽ ഗാന്ധി, ശരദ് പവാർ, മമത ബാനർജി എന്നിവരും ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒളിയമ്പെയ്‌ത് സുശീല്‍ മോദി :പ്രതിപക്ഷ യോഗത്തിനെതിരെ ബിജെപി എംപി സുശീല്‍ മോദിയും രംഗത്തെത്തി. നിതീഷ്‌ജി ഇത്തരമൊരു എഴുന്നള്ളത്ത് സംഘടിപ്പിച്ചതില്‍ എല്ലാ വരന്മാരുമുണ്ട്. എന്നാല്‍ അവരെല്ലാം അവരവരുടെ അജണ്ട നടപ്പിലാക്കുന്ന തിരക്കിലാണെന്ന് അദ്ദേഹം പരിഹസിച്ചു. തീര്‍ച്ചയായും അവരെല്ലാം ഹസ്‌തദാനം ചെയ്‌തേക്കാം. എന്നാല്‍ ഹൃദയങ്ങള്‍ തമ്മില്‍ ചേരുകയോ ചേരാതിരിക്കുകയോ ചെയ്യാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മമത ബാനർജി കോൺഗ്രസുമായി വിട്ടുവീഴ്ച ചെയ്യുമോയെന്നും പശ്ചിമ ബംഗാളിൽ മമത അവരുടെ സീറ്റ് കോൺഗ്രസിന് വേണ്ടി വിട്ടുനൽകുമോയെന്നും സുശീല്‍ മോദി ചോദ്യമെറിഞ്ഞു. ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അര ഡസനിലധികം കോണ്‍ഗ്രസുകാരാണ് കൊല്ലപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം തൃണമൂലിനെതിരെ ഒളിയമ്പെയ്‌തു.
അരവിന്ദ് കെജ്‌രിവാള്‍ നിതീഷ് കുമാറിനെ കണ്ടു. എന്നാല്‍ അദ്ദേഹം ഡല്‍ഹിയിലെയും പഞ്ചാബിലെയും സീറ്റുകള്‍ കോണ്‍ഗ്രസിനായി വിട്ടുനല്‍കുമോ. ഒരു പ്രാദേശിക നേതാവും അവരുടെ സംസ്ഥാനത്ത് അവരുടെ സീറ്റുകള്‍ കോണ്‍ഗ്രസിനായി വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നും പ്രതിപക്ഷ യോഗം നടന്നാലും ഓരോ സീറ്റിലും ധാരണയിലെത്തുക അസാധ്യമാണെന്നും സുശീല്‍ മോദി പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒറ്റയ്‌ക്ക് പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ തന്നെ എല്ലാമുണ്ടെന്നായിരുന്നു ബിജെപി എംപി സ്‌മൃതി ഇറാനിയുടെ പ്രതികരണം.
എന്തിനാണ് മെഗാ യോഗം :2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായി ഐക്യമുന്നണിയെന്ന ലക്ഷ്യത്തിനായാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായക യോഗം പട്‌നയില്‍ നടക്കുന്നത്. ഇരുപതിലേറെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വസതിയില്‍ രാവിലെ 11 മണിയോടെയാണ് യോഗം ആരംഭിച്ചത്. ഇന്ദിരാഗാന്ധിയുടെ ഭൂരിപക്ഷ സർക്കാരിനെ അട്ടിമറിച്ച ജയപ്രകാശ് നാരായണന്‍റെ 1974-ലെ സമ്പൂർണ വിപ്ലവ ആഹ്വാനത്തിന്‍റെ സ്‌മരണയിലാണ് യോഗത്തിനായി പ്രതിപക്ഷം ബിഹാര്‍ തന്നെ തെരഞ്ഞെടുക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനാകുമെന്ന് പ്രതീക്ഷയുള്ള ഇടങ്ങളില്‍ പൊതു സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുകയുമാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.