പട്‌ന (ബിഹാര്‍): നടക്കാനിരിക്കുന്ന മെഗാപ്രതിപക്ഷ യോഗത്തില്‍ നേതാക്കള്‍ നേരിട്ട് തന്നെ ഹാജരാകണമെന്നും പകരം പ്രതിനിധികളെ അയക്കരുതെന്നുമറിയിച്ച് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. അങ്ങനെയെങ്കില്‍ മാത്രമെ തീരുമാനങ്ങളെടുക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ 23ന് പട്‌നയിൽ നടക്കുന്ന നിർണായക യോഗത്തില്‍ 15 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഒഴികെയുള്ള നേതാക്കളെല്ലാം എത്തുമെന്നും തേജസ്വി മാധ്യമങ്ങളോട് പ്രതികരിച്ചു.
നിര്‍ണായക യോഗത്തില്‍ ആരെല്ലാം: കെസിആറിന്‍റെ കാര്യത്തില്‍ ഒന്നും പറയാനാവില്ല, എന്നാല്‍ മറ്റ് എല്ലാ നേതാക്കളും വരുന്നുണ്ട്. ഏതാണ്ട് 15 പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കും. ഇതുസംബന്ധിച്ച് പാര്‍ട്ടി നേതാക്കളായിരിക്കും അല്ലാതെ പ്രതിനിധികളായിരിക്കില്ല പങ്കെടുക്കുക എന്ന് തേജസ്വി യാദവ് പറഞ്ഞു. രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അഖിലേഷ് യാദവ്, ഹേമന്ദ് സോറന്‍, ഉദ്ധവ് താക്കറെ, ശരദ് പവാര്‍, എം.കെ സ്‌റ്റാലിന്‍, അരവിന്ദ് കെജ്‌രിവാള്‍, ഡി.രാജ, സീതാറാം യെച്ചൂരി, ദിപങ്കര്‍ ഭട്ടാചാര്യ എന്നീ നേതാക്കള്‍ ജൂണ്‍ 23 ന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് ജെഡിയു നേതാവ് തേജസ്വി യാദവും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാജീവ് രഞ്‌ജന്‍ സിങ് (ലാലന്‍) എന്നിവര്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് അറിയിച്ചിരുന്നു.
Also Read: 'പ്രതിപക്ഷ മഹാസഖ്യം സംഭവിക്കും'; 2024ൽ ബിജെപിയെ പുറത്താക്കുമെന്ന് രാഹുൽ ഗാന്ധി
ബിജെപി കടന്നാക്രമിച്ച്: അതേസമയം 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായ പ്രതിപക്ഷത്തെ നേരിടേണ്ടി വരുമെന്ന് ബിജെപി ഭയക്കുന്നുണ്ടെന്ന് തേജസ്വി യാദവ് അഭിപ്രായപ്പെട്ടു. ജൂൺ 23 ന് പട്‌നയിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ സമ്മേളനത്തെ നിസാരവത്കരിക്കാൻ ശ്രമിച്ച ബിജെപി നേതാക്കളുടെ പരാമർശങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടായിരുന്നു തേജസ്വി യാദവിന്‍റെ പ്രതികരണം. പ്രതിപക്ഷ സമ്മേളനം എന്ത് ഫലമുണ്ടാക്കുമെന്ന് തീരുമാനിക്കേണ്ടത് ബിജെപിയല്ല. ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ അവര്‍ക്ക് ഭയമാണ്. അടുത്തിടെ നടന്ന ഹിമാചൽ പ്രദേശിലെയും കർണാടകയിലെയും നിയമസഭ തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, ഡൽഹി, ഹരിയാന എന്നിവിടങ്ങളിലെ പരാജയങ്ങളിലേക്കാണ് അവര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നതെന്നും തേജസ്വി യാദവ് പരിഹസിച്ചിരുന്നു.
മെഗാപ്രതിപക്ഷ യോഗത്തിലേക്ക് ഇങ്ങനെ:2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷനിരയെ ഒറ്റക്കെട്ടായി അണിനിരത്താന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് മെഗാപ്രതിപക്ഷ യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ തനിക്ക് ക്ഷണം ലഭിച്ചതായി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ വ്യാഴാഴ്‌ച പ്രതികരിച്ചിരുന്നു. രാജ്യത്തെ എല്ലാ പ്രതിപക്ഷ നേതാക്കളെയും അദ്ദേഹം ക്ഷണിച്ചിട്ടുണ്ട്. താന്‍ അവിടേക്ക് പോകും. ഒരു ദേശീയ വിഷയത്തിൽ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകത കണക്കിലെടുത്താണ് അദ്ദേഹം ക്ഷണം നൽകിയിരിക്കുന്നതെന്നും ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു.
Also Read: 'കൂടുതൽ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായാല്‍ ലഭിക്കുക മികച്ച ഫലം' ; പവാറിനേയും ഉദ്ധവിനേയും കണ്ട് നിതീഷ് കുമാര്‍