മീററ്റ് (ഉത്തർ പ്രദേശ്) :രാജ്യത്തുടനീളം ദസറ ആഘോഷിക്കുമ്പോൾ കഴിഞ്ഞ 166 വർഷമായി ദസറ കൊണ്ടാടാത്ത ഒരു ഗ്രാമമുണ്ട്. ഉത്തർ പ്രദേശിലെ മീററ്റ് ജില്ലയിലെ ഗഗോൾ ഗ്രാമത്തിലെ ജനങ്ങളാണ് ഇതുവരെയും ദസറ ആഘോഷിക്കാത്തത്. മീററ്റ് ജില്ല ആസ്ഥാനത്ത് നിന്ന് 20 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിൽ ദസറ ആഘോഷിക്കാത്തതിന് പിന്നിൽ ഒരു ചരിത്ര കഥ പറയാനുണ്ട് (Mourning For Revolutionaries Meerut Villagers Don't Celebrate Dussehra).
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‍റെ പ്രഭവകേന്ദ്രങ്ങളിലൊന്നായിരുന്ന ഗഗോൾ ഗ്രാമത്തിലെ കുപ്രസിദ്ധമായ പീപ്പൽ മരത്തിൽ ഒമ്പത് വിപ്ലവകാരികളെയായിരുന്നു തൂക്കിലേറ്റിയത്. വിജയദശമി (ദസറ) ദിനത്തിലായിരുന്നു ആ ഒമ്പത് സ്വാതന്ത്ര്യ സമര സേനാനികളും രക്തസാക്ഷിത്വം വരിച്ചത്.
സംഭവത്തിൽ ഇരുണ്ടതായി മാറിയ ആ ഗ്രാമം മുഴുവൻ ഈ ധീര ഹൃദയരുടെ വിയോഗത്തിൽ വിലപിച്ചു. 1857-ൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ കലാപത്തിന്‍റെ ബ്യൂഗിൾ മുഴക്കിയ മഹാനായ വിപ്ലവകാരിയും രക്തസാക്ഷിയുമായ ധൻ സിംഗ് കോട്വാളിന്‍റെ പിൻഗാമിയായ തഷ്വീർ ചപ്രാന, 1857 മെയ് 10 ന് മീററ്റിൽ വിപ്ലവം ആരംഭിച്ചതായ ആ ചരിത്ര സംഭവത്തെ അനുസ്‌മരിച്ചു.
സദർ പൊലീസ് സ്‌റ്റേഷൻ കോട്ട്‌വാൾ (ടൗൺ പൊലീസ് സ്‌റ്റേഷൻ മേധാവി) ധൻ സിങ്ങിന്‍റെ നേതൃത്വത്തിൽ മീററ്റ് ജില്ലയിൽ നിന്നും സമീപ ഗ്രാമങ്ങളിൽ നിന്നുമുള്ള ആളുകൾ മീററ്റ് ജയിൽ അടിച്ചു തകർത്തു. ആ പോരാട്ടത്തിൽ തങ്ങളുടെ സഖാക്കളെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിൽ വിപ്ലവകാരികൾ വിജയിച്ചു.