ചെന്നൈ: ഒരു ഗ്രാമം. ആ ഗ്രാമത്തില്‍ ഏകാന്ത ജീവിതം നയിക്കുന്ന ഒരേയൊരു മനുഷ്യന്‍. മനുഷ്യവാസമില്ലാത്ത ഒരു ദ്വീപില്‍ നീണ്ട 28 വര്‍ഷം ഒറ്റയ്ക്ക് കഴിഞ്ഞ റോബിന്‍സണ്‍ ക്രൂസോയുടെ കഥ ഓര്‍മ വരുമെങ്കിലും ഇത് കഥയല്ല, പൊള്ളുന്ന ജീവിതമാണ്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ മീനാക്ഷിപുരമെന്ന ഗ്രാമത്തിലെ ഏകാന്ത ജീവിതം നയിയ്ക്കുന്ന മനുഷ്യനെ തേടിയാണ് ഞങ്ങള്‍ യാത്ര ആരംഭിച്ചത്.
മീനാക്ഷിപുരത്തെ ഏക അന്തേവാസിയായ കന്തസ്വാമി മീനാക്ഷിപുരവും കന്തസ്വാമിയും
തൂത്തുക്കുടിയില്‍ നിന്ന് 35 കിലോമീറ്ററും നെല്ലായ്-തൂത്തുക്കുടി ദേശീയപാതയിൽ നിന്ന് 13 കിലോമീറ്ററും മാറിയാണ് മീനാക്ഷിപുരം ഗ്രാമം സ്ഥിതി ചെയ്യുന്നത്. റെക്ല കാളയോട്ടത്തിന് പേരുകേട്ട ചേക്കരക്കുടിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മീനാക്ഷിപുരത്തെത്താം.
വരണ്ടുണങ്ങിയ ഭൂമി. വേരുകളില്‍ നനവ് എത്താത്തതിനാല്‍ പുല്‍നാമ്പുകള്‍ പോലും വരണ്ടുണങ്ങിയിരിയ്ക്കുന്നു. വിജനതയുടെ ഭാരം പേറിയെന്നോണം ഇടിഞ്ഞ് വീഴാറായ കെട്ടിടങ്ങള്‍. ഉപേക്ഷിക്കപ്പെട്ട ആ ഗ്രാമത്തിലെത്തുമ്പോള്‍ ഇവിടെ ഒരു മനുഷ്യന്‍ ജീവിയ്ക്കുന്നുണ്ടെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി.
2000 ലെ ജനസംഖ്യ കണക്കുകള്‍ പ്രകാരം, മീനാക്ഷിപുരത്ത് 1,269 ആളുകള്‍ താമസിച്ചിരുന്നു. എന്നാൽ ഇന്ന് ആ ഗ്രാമത്തില്‍ ഒരോയൊരു മനുഷ്യനേയൊള്ളു. 69 കാരനായ കന്തസ്വാമി.
വാതിൽപ്പടിയിൽ വെള്ളം നിറച്ച ഒരു ബക്കറ്റ്, ഒന്ന് വീതം കിടക്ക, ടിവി, മിക്‌സി, സ്റ്റൗവ്, അരിവാൾ, അടിയന്തര സാഹചര്യങ്ങള്‍ക്ക് വേണ്ടി ഒരു ഇരുചക്ര വാഹനം, പഴയ ഒരു റാക്കൂൺ വണ്ടി. മീനാക്ഷിപുരം പോലെ കന്തസ്വാമിയുടെ വീടും ഒഴിഞ്ഞു കിടക്കുന്നു. കൂട്ടിന് ഒരു നായയും പൂച്ചയുമുണ്ട്.
ഏകാന്തതയുടെ അഞ്ച് വര്‍ഷങ്ങള്‍
300 വർഷത്തോളം ആളുകള്‍ താമസിച്ചിരുന്ന ഗ്രാമമാണ്. 300 ലധികം കുടുംബങ്ങൾ ഈ ഗ്രാമത്തിലുണ്ടായിരുന്നു. 7 വർഷം മുമ്പ് വരെ 5 കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നു. പക്ഷേ പതിയെ ഗ്രാമം മനുഷ്യവാസം കുറഞ്ഞ ഒരു തുരുത്തായി മാറുകയായിരുന്നുവെന്ന് കന്തസ്വാമി പറഞ്ഞു.
പൊളിഞ്ഞ് വീഴാറായ മറ്റൊരു വീട് മീനാക്ഷിപുരം ഉപേക്ഷിച്ച് മറ്റൊരു നാട്ടിലേയ്ക്ക് കുടിയേറാന്‍ ഇവിടത്തെ ജനതയെ പ്രേരിപ്പിച്ചത് രണ്ട് കാരണങ്ങളാണ്. ഒന്ന് കുടിവെള്ള ക്ഷാമം, മറ്റൊന്ന് തൊഴിലില്ലായ്‌മ.
"ഞങ്ങളുടെ ഗ്രാമം നേരത്തെ സമ്പന്നമായിരുന്നു, മഴയെ ആശ്രയിച്ചാണ് ഞങ്ങള്‍ ഇവിടെ കഴിഞ്ഞിരുന്നത്. കാർഷിക പ്രവർത്തനങ്ങൾക്കും കുടിവെള്ളത്തിനും മഴയല്ലാതെ മറ്റൊരു ഉറവിടം ഉണ്ടായിരുന്നില്ല. എന്നാൽ മഴ പെയ്യാതായതോടെ ഞങ്ങൾ വരൾച്ചയും ക്ഷാമവും നേരിടാന്‍ തുടങ്ങി. ചെക്കരക്കുടിയിലേക്കും സോക്കലിംഗപുരത്തേയ്ക്കും കുടിവെള്ളം ശേഖരിയ്ക്കാന്‍ പോകേണ്ടി വന്നു. ഇവിടെ ബസ് സൗകര്യം പോലുമില്ല. പട്ടിണിയും ദാരിദ്ര്യവും ആയതോടെ എല്ലാവരും ജനിച്ച് വളര്‍ന്ന നാട് ഉപേക്ഷിയ്ക്കാന്‍ നിര്‍ബന്ധിതരായി" കന്തസ്വാമി പഴയകാലം ഓര്‍ത്തെടുത്തു.
ആള്‍ത്താമസമില്ലാത്ത വീട് പൊളിഞ്ഞ അവസ്ഥയില്‍ വർഷത്തിലൊരിക്കൽ വൈശാഖി മാസത്തിൽ ഗ്രാമത്തിലെ ക്ഷേത്രത്തിലെ ഉത്സവത്തിനായി എല്ലാവരും മടങ്ങിയെത്തും. മൂന്ന് ദിവസമാണ് ഉത്സവം. രണ്ടാം ദിവസം എല്ലാവരും കുടുംബസമേതം എത്തും. മടങ്ങിയെത്തുന്നവര്‍ക്കായി നേരത്തെ അവര്‍ താമസിച്ചിരുന്ന വീടിനടുത്ത് ഒരു കൂടാരം സ്ഥാപിക്കും. മൂന്നാം നാള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം എല്ലാവരും തിരികെ മടങ്ങും.
ജീര്‍ണാവസ്ഥയിലുള്ള വിദ്യാലയം ഒഴിഞ്ഞ് കിടക്കുന്ന വിദ്യാലയം ഗ്രാമം വിട്ട് മറ്റൊരു നാട്ടിലേക്ക് പോകുന്നതിനേക്കാള്‍ ഇവിടെ കിടന്ന് മരിക്കാനാണ് താൻ ഇഷ്‌ടപ്പെടുന്നതെന്ന് കന്തസ്വാമി പറഞ്ഞു. "കഴിഞ്ഞ 5 വർഷമായി ഞാൻ ഇവിടെ ഒറ്റയ്ക്കാണ് താമസിക്കുന്നത്. എന്‍റെ മക്കള്‍ അവരോടൊപ്പം താമസിക്കാൻ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ മരണം വരെ ഞാൻ ഇവിടെ തന്നെ തുടരുമെന്ന് അവരോട് പറഞ്ഞു."
കന്തസ്വാമി ജീവിയ്ക്കുന്നിടത്തോളം കാലമാണ് മീനാക്ഷിപുരത്തിന്‍റേയും ആയുസ്. അത് കഴിഞ്ഞാല്‍ ഭൂപടത്തില്‍ നിന്നേ മീനാക്ഷിപുരം അപ്രത്യക്ഷമാകും.
Also read: തെരുവിന്‍റെ മക്കൾക്ക് അറിവ് പകർന്ന് അഞ്ച് സഹോദരങ്ങൾ