ഹൈദരാബാദ് : ജീവൻരക്ഷാ മരുന്നുകളും വാക്‌സിനുകളും എത്തിക്കാൻ ഡ്രോണുകള്‍ വിന്യസിച്ച് തെലങ്കാന സർക്കാർ. പരീക്ഷണാടിസ്ഥാനത്തിൽ വികാരാബാദ് ജില്ലയിൽ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നിർവഹിച്ചു. ഡ്രോണുകൾ വഴി ഉള്‍നാടുകളിലേക്ക് ജീവൻ രക്ഷാമരുന്നുകൾ എത്തിക്കുകയാണ് ലക്ഷ്യം.
അടിയന്തിര സാഹചര്യങ്ങളിൽ മരുന്നുകളും വാക്‌സിനുകളും വേഗത്തിൽ വിതരണം ചെയ്യുന്നതിന് ഇത് ഉപയോഗപ്രദമാകുമെന്നാണ് കണക്കുകൂട്ടൽ. 500-700 മീറ്റർ ഉയരത്തിൽ 40 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ഡ്രോണുകൾ ഒരുക്കിയിരിക്കുന്നത്. ഒരു ഡ്രോണിന് നാല് വ്യത്യസ്ത പെട്ടികളിലായി 15 തരം മരുന്നുകളും വാക്‌സിനുകളും വരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ കഴിയും.