ന്യൂഡല്‍ഹി : യുക്രൈനില്‍ നിന്നും മടങ്ങിയെത്തുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് പഠനം തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അവരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ റാണ സന്ദീപ് ബുസയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഭരണഘടന ഉറപ്പുനല്‍കുന്ന ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങളില്‍പ്പെടുത്തി കുട്ടികള്‍ക്ക് പഠനം തുടരാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം. നിരവധി വിദ്യാര്‍ഥികളാണ് സംസ്ഥാനത്തേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയത്. ഈ കുട്ടികള്‍ക്ക് ഇന്ത്യന്‍ വിദ്യാഭ്യാസ രീതി പ്രകാരം പഠനം തുടരാന്‍ അനുവാദം നല്‍കണം. ഇതിനായി നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി നിര്‍ദേശിക്കണം.
ഇതുസംബന്ധിച്ച് വിവിധ ഹൈക്കോടതികളില്‍ വിദ്യാര്‍ഥികള്‍ ഹര്‍ജികള്‍ നല്‍കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യൻ മെഡിക്കല്‍ പാഠ്യപദ്ധതിയിലേക്ക് കുട്ടികളെ പ്രവേശിപ്പിക്കുന്നതിനായി അവര്‍ക്ക് മെഡിക്കൽ വിഷയ തുല്യതാ ഓറിയന്റേഷൻ പ്രോഗ്രാം നടത്തണം. ഇതിന് കേന്ദ്രത്തോട് കോടതി നിർദേശിക്കണം.