ഹൈദരാബാദ്:മെഡിക്കല്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സെക്കന്തരാബാദ് ഗാന്ധി മെഡിക്കൽ കോളജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി ദീക്ഷിത് റെഡ്ഢിയെ (21) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യഭാഗം മുറിച്ച നിലയിലായിരുന്നു ദീക്ഷിതിന്‍റെ മൃതദേഹം.
ഇന്നലെ, വൈകുന്നേരത്തോടെ മുറിക്കുള്ളിലാണ് ദീക്ഷിതിന്‍റെ മൃതദേഹം കണ്ടെത്തിയത്. ചോരയില്‍ കുളിച്ച നിലയില്‍ ദീക്ഷിതിന്‍റെ മാതാപിതാക്കളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന്, ഇവര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലെത്തിയ ആംബുലന്‍സ് ജീവനക്കാര്‍ മുറിക്കുള്ളില്‍ കയറി പരിശോധിച്ചപ്പോഴായിരുന്നു ദീക്ഷിതിന്‍റെ സ്വകാര്യഭാഗം മുറിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
വാറങ്കൽ ജില്ലയിലെ ദേവരുപ്പാല ഗ്രാമത്തിലെ സോമിറെഡ്ഡി - കരുണ ദമ്പതികളുടെ മകനാണ് ദീക്ഷിത്. 20 വര്‍ഷം മുന്‍പാണ് ഇവര്‍ ഹൈദരാബാദിലെ പാപിറെഡ്ഢി നഗറിലേക്ക് എത്തിയത്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ദീക്ഷിത് അതിന് വേണ്ട ചികിത്സയിലായിരുന്നു എന്നാണ് സൂചന.
കോളജ് വിദ്യാര്‍ഥിയെ ക്ലാസ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി:ഹൈദരാബാദ് ഉപ്പലിലെ സ്വകാര്യ കോളജിലെ ക്ലാസ് മുറിക്കുള്ളില്‍ ഇന്‍റര്‍മീഡിയറ്റ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് സംഭവം. രാത്രിയില്‍ വൈകിട്ടും വിദ്യാര്‍ഥി ഹോസ്റ്റലില്‍ എത്തിയിരുന്നില്ല.
തുടര്‍ന്ന് അന്വേഷിച്ചെത്തിയ സഹപാഠികളാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഉടന്‍ തന്നെ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതിന് പിന്നാലെ കോളജ് മാനേജ്‌മെന്‍റിന്‍റെ മര്‍ദനമാണ് മകന്‍റെ മരണത്തിന് കാരണമെന്ന ആരോപണവുമായി വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.