ന്യൂഡല്‍ഹി: കൊവിഡ് ചികിത്സ മാനദണ്ഡത്തില്‍ നിന്നും പ്ലാസ്‌മ തെറാപ്പി ഒഴിവാക്കിയ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ (ഐസിഎംആർ) തീരുമാനം സ്വാഗതം ചെയ്‌ത് ഉന്നത ആരോഗ്യ വിദഗ്‌ധര്‍. കൊവിഡ് ചികിത്സ മാനദണ്ഡത്തില്‍ നിന്ന് പ്ലാസ്‌മ തെറാപ്പി ഒഴിവാക്കിയത് ബുദ്ധിപരമായ തീരുമാനമാണെന്ന് സർ ഗംഗാ റാം ഹോസ്‌പിറ്റൽ ചെയർമാൻ ഡോ ഡി.എസ് റാണ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മരണനിരക്ക് കുറക്കുന്നതില്‍ പ്ലാസ്‌മ തെറാപ്പി പരാജയപ്പെടുകയാണുണ്ടായത്. പ്ലാസ്‌മ തെറാപ്പി കൊവിഡിന്‍റെ വകഭേദങ്ങള്‍ സൃഷ്‌ടിക്കാനാണ് സഹായിക്കുന്നതെന്ന് ചില ശാസ്ത്രജ്ജര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്ലാസ്‌മ തെറാപ്പിക്കെതിരെ വിദഗ്‌ധര്‍
കൊവിഡ് ചികിത്സയ്ക്കായി രോഗം ഭേദമായവരുടെ പ്ലാസ്‌മ ഉപയോഗിച്ച് ആഗോളതലത്തിൽ നടക്കുന്ന ഗവേഷണങ്ങള്‍ പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ഷീബ മർവ പറഞ്ഞു. വൈറസിന്‍റെ വകഭേദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകൾ ഉള്ളതിനാല്‍ പ്ലാസ്‌മ തെറാപ്പി ഒഴിവാക്കുന്നത് മികച്ച തീരുമാനമാണെന്നും മര്‍വ പറഞ്ഞു. പ്ലാസ്‌മ ചികിത്സക്ക് തുടക്കത്തില്‍ വലിയ ആവശ്യകത ഉണ്ടായിരുന്നെങ്കിലും ഗുണത്തേക്കാളേറെ ദോഷമാണ് ചികിത്സ കൊണ്ട് ഉണ്ടാകുന്നതെന്ന് ആരോഗ്യ വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
Read more: കൊവിഡിന് ഫലപ്രദമല്ലെന്ന് വിലയിരുത്തൽ; പ്ലാസ്മ തെറാപ്പി പിൻവലിച്ചേക്കും