ഷിർദി:മഹാരാഷ്ട്രയിലെ ഷിർദിയിൽ സ്ഥിതിചെയ്യുന്ന സായി ബാബാ ക്ഷേത്രത്തിൽ (Shirdi Sai Baba Temple) സംഭാവനയായി ലഭിച്ച സ്വർണ്ണവും വെള്ളിയും ഉരുക്കുന്നു. കാണിക്കയായി ലഭിച്ച 450 കിലോ സ്വർണത്തിൽ 155 കിലോയും, 6000 കിലോ വെള്ളിയും ഉരുക്കാനാണ് തീരുമാനം. ഉരുക്കുന്ന സ്വർണ്ണവും വെള്ളിയും ഉപയോഗിച്ച് പതക്കങ്ങളും നാണയങ്ങളും ഉണ്ടാക്കാനാണ് ക്ഷേത്ര അധികൃതരുടെ തീരുമാനം (Medals And Coins Will Be Made Of Gold And Silver In Shirdi Temple).
ഭാരതത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായാണ് ഷിർദിയിലെ സായി ബാബാ ക്ഷേത്രത്തെ കണക്കാക്കുന്നത്. അതിനാൽ വിദേശത്തുനിന്നും സ്വദേശത്തുനിന്നും ദശലക്ഷക്കണക്കിന് ഭക്തരാണ് ഓരോ വർഷവും ഇവിടെയെത്തുന്നത്. ഇവരിൽ പലരും ക്ഷേത്രത്തിലേക്ക് വൻ തുകകൾ സംഭാവനയായി നൽകുന്നു. നിരവധിപേർ പണത്തിനുപുറമെ കാണിക്കയായി സ്വർണ്ണവും വെള്ളിയും സമർപ്പിക്കാറുണ്ട്.
സംഭാവനകളുടെ ബാഹുല്യം മൂലം ഇന്ത്യയിലെ സമ്പന്ന ക്ഷേത്രങ്ങളുടെ പട്ടികയിൽ അഞ്ചാമതാണ് ഷിർദി സായി ബാബാ ക്ഷേത്രം. ക്ഷേത്രത്തിൽ സംഭാവനയായി ലഭിക്കുന്ന സ്വർണ്ണവും വെള്ളിയും കുമിഞ്ഞുകൂടിയതോടെയാണ് അവ ഭക്തർക്കുകൂടി ഉപകാരപ്രദമാകും വിധത്തിൽ മാറ്റിയെടുക്കാനുള്ള തീരുമാനം.
Also Read:ഷിർദി ക്ഷേത്രത്തില്‍ ഭക്തൻ നല്‍കിയത് അഞ്ച് ലക്ഷത്തിന്‍റെ സ്വർണ ഓടക്കുഴൽ
155 കിലോ സ്വർണവും 6000 കിലോ വെള്ളിയും ഉരുക്കി നാണയങ്ങളും പതക്കങ്ങളും ഉണ്ടാക്കാൻ പോകുകയാണെന്ന് സായിബാബ ക്ഷേത്ര ഭരണസമിതിയിലുള്ളവർ പറയുന്നു. 5 ഗ്രാമിന്‍റെയും 10 ഗ്രാമിന്‍റെയും സ്വർണ സായിബാബ പതക്കങ്ങളും നാണയങ്ങളുമാകും ക്ഷേത്രം പുറത്തിറക്കുക. ഇവ ലോകമെമ്പാടുമുള്ള സായി ഭക്തർക്ക് വാങ്ങി വീടുകളിൽ സൂക്ഷിക്കാനാകും. ഇതിലൂടെ ഭക്തജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ് സഫലമാകുന്നത്.