ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ എംസിഎ വിദ്യാര്‍ഥിയെ ക്രൂര മര്‍ദനത്തിന് ഇരയാക്കുകയും മൂത്രം കുടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനും മകനും അടക്കം ആറ് പേര്‍ക്കെതിരെ കേസ്. കാണ്‍പൂരിലെ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ധര്‍മ്മേന്ദ്ര യാദവ്, മകന്‍ ഹിമാന്‍ഷു എന്ന സണ്ണി, ഹിമാന്‍ഷുവിന്‍റെ കൂട്ടാളികളായ ശുഭം സോങ്കര്‍, നന്ദു ദുബെ, റിഷാബ് ചൗഹാന്‍, രജത് എന്നിവര്‍ക്കും എതിരെയാണ് കേസ്. ഇതില്‍ മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത് (Student Attack Case In UP).
മുഖ്യപ്രതിയായ ഹിമാന്‍ഷു അടക്കം മറ്റുള്ളവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. കാണ്‍പൂര്‍ സ്വദേശിയായ ആയുഷിനാണ് ക്രൂര മര്‍ദനമേറ്റത്. തിങ്കളാഴ്‌ച (ജനുവരി 9) രാത്രിയില്‍ കോപ്പർഗഞ്ച് റെയിൽവേ ട്രാക്കിന് സമീപമാണ് കേസിനാസ്‌പദമായ സംഭവം (Youth Attack In Koparganj Railway Track).
ഇന്‍സ്റ്റഗ്രാമിലെ ഫേക്ക് അക്കൗണ്ടിലൂടെയുണ്ടായ ചാറ്റിങ്ങാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. കേസിലെ മുഖ്യപ്രതിയായ സണ്ണി ഇന്‍സ്റ്റഗ്രാമില്‍ ഒരു പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചു. ദിവ്യാന്‍ഷി പാണ്ഡെ എന്ന പേരിലാണ് സണ്ണി വ്യാജ അക്കൗണ്ട് നിര്‍മിച്ചത്. അക്കൗണ്ട് വഴി ആയുഷിന് സണ്ണി സന്ദേശങ്ങള്‍ കൈമാറി (Uttar Pradesh Student Attack Case).