ലഖ്‌നൗ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ ബിഎസ്‌പി അധ്യക്ഷ മായാവതിയെ രാഷ്‌ട്രപതിയാക്കുമെന്ന് ബിജെപിയും ആർഎസ്എസും വ്യാജ പ്രചരണം നടത്തി തന്‍റെ അനുയായികളെ തെറ്റിദ്ധരിപ്പിച്ചെന്ന് മായാവതി. ഇത്തരത്തിലുള്ള ഒരു ഓഫറും ഒരു പാർട്ടിയിൽ നിന്നും താൻ സ്വീകരിക്കില്ലെന്നും മായാവതി പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ ദയനീയ പരാജയം അവലോകനം ചെയ്‌ത ശേഷം പ്രതികരിക്കുകയായിരുന്നു മായാവതി.
താൻ കാൻഷി റാമിന്‍റെ ശിഷ്യയാണെന്നും അദ്ദേഹം മുൻപ് ഇത്തരമൊരു വാഗ്‌ദാനം നിരസിച്ചിരുന്നുവെന്നും മായാവതി പറഞ്ഞു. ഇത് പാർട്ടിയുടെ അന്ത്യമാണെന്ന് അറിഞ്ഞുകൊണ്ട് ഇത്തരമൊരു വാഗ്‌ദാനം താൻ എങ്ങനെ സ്വീകരിക്കുമെന്ന് മായാവതി ചോദിച്ചു. പ്രസ്ഥാനത്തിന്‍റെ താത്‌പര്യം കണക്കിലെടുത്ത് ബിജെപിയിൽ നിന്നോ മറ്റ് പാർട്ടികളിൽ നിന്നോ ഇത്തരത്തിലുള്ള ഒരു വാഗ്‌ദാനങ്ങളും താൻ സ്വീകരിക്കില്ലെന്നും ഭാവിയിൽ ഇത്തരം വാഗ്‌ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് ബിഎസ്‌പി പ്രവർത്തകരോട് വ്യക്തമാക്കുന്നുവെന്നും മായാവതി പറഞ്ഞു.