ലഖ്നൗ: സായുധ സേനകളിലേക്ക് യുവജനങ്ങള്‍ക്ക് ഹ്രസ്വകാല നിയമനം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ അഗ്നിപഥ് പദ്ധതിക്കെതിരെ ബിഎസ്‌പി നേതാവ് മായാവതി. ഗ്രാമീണ മേഖലയിലെ യുവജനങ്ങളോടുള്ള അനീതിയാണ് പദ്ധതിയെന്ന് മായാവതി ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു മുന്‍ യുപി മുഖ്യമന്ത്രിയുടെ വിമര്‍ശനം.
'റിക്രൂട്ട്‌മെന്‍റ് വളരെക്കാലമായി മുടങ്ങിക്കിടന്നതിന് ശേഷം, കേന്ദ്രം സേനയിൽ നാല് വർഷത്തെ ഹ്രസ്വകാല റിക്രൂട്ട്‌മെന്‍റ് പദ്ധതിയായ 'അഗ്നിവീർ' പ്രഖ്യാപിച്ചിരിക്കുകയാണ്. ആകർഷകമായ പദ്ധതി എന്ന് വിശേഷിപ്പിച്ചെങ്കിലും രാജ്യത്തെ യുവജനം അസംതൃപ്‌തരും രോഷാകുലരുമാണ്. സൈനിക റിക്രൂട്ട്‌മെന്‍റിലെ മാറ്റത്തെ അവർ പരസ്യമായി എതിർക്കുന്നു,' മായാവതി ട്വീറ്റ് ചെയ്‌തു.
തീരുമാനം പുനഃപരിശോധിക്കണം: 'സൈന്യത്തിലെയും സർക്കാർ ജോലികളിലെയും പെൻഷൻ ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്നതിനായി കേന്ദ്ര സർക്കാർ സൈനികരുടെ കാലാവധി നാല് വർഷമായി പരിമിതപ്പെടുത്തുകയാണെന്ന് അവർ വിശ്വസിക്കുന്നു. ഇത് ഗ്രാമീണ മേഖലയിലെ യുവ ജനങ്ങളോടും അവരുടെ കുടുംബങ്ങളോടുമുള്ള അനീതിയാണ്,' മായാവതി പറഞ്ഞു. കേന്ദ്രത്തിന്‍റെ പുതിയ നീക്കം പണപ്പെരുപ്പവും ദാരിദ്ര്യവും മൂലം പൊറുതിമുട്ടുന്ന ജനങ്ങളുടെ ദുരിതങ്ങൾ വർധിപ്പിക്കുമെന്ന് മായാവതി ആരോപിച്ചു.