ന്യൂഡല്‍ഹി: നിലവില്‍ ഏറ്റുമധികം ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയായിക്കൊണ്ടിരിക്കുന്ന ചിത്രമാണ് സുദീപ് തോ സെന്‍ സംവിധാനം ചെയ്‌ത 'ദി കേരള സ്‌റ്റോറി'. കേരളത്തില്‍ നിന്ന് 32,000 പെണ്‍കുട്ടികളെ കാണാതായെന്നും ഇവര്‍ പിന്നീട് ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നെന്നുമാണ് ചിത്രത്തിന്‍റെ ഉള്ളടക്കം. മെയ് അഞ്ചിന് തിയേറ്ററില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന് പല കോണുകളില്‍ നിന്നും എതിര്‍പ്പുകളുടെ പ്രവാഹമാണ് നേരിടേണ്ടി വരുന്നത്.
കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മും പ്രതിപക്ഷമായ കോണ്‍ഗ്രസും വര്‍ഗീയ അജണ്ടയാണ് ഇതിന് പിന്നിലെന്നും സംസ്ഥാനത്തിന്‍റെ മതസൗഹാര്‍ദം തകര്‍ക്കുവാനുള്ള സംഘപരിവാര്‍ അജണ്ടയാണ് ഇതിന് പിന്നിലെന്നും ഒരേ സ്വരത്തില്‍ പാര്‍ട്ടികളും പറയുന്നു. മുസ്‌ലിം സമുദായത്തിന്‍റെ ഒട്ടാകെ പ്രതിച്ഛായ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്തുന്നതാണ് ചിത്രമെന്ന് ജംഇയ്യത്തുല്‍ ഉലമ-ഇ-ഹിന്ദ് പ്രസിഡന്‍റ് മൗലാന സെയ്യിദ് അര്‍ഷാദ് മദനി ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഹിന്ദു- ഇസ്‌ലാം ഐക്യത്തെക്കുറിച്ചുള്ള തന്‍റെ കാഴ്‌ചപ്പാടുകള്‍ മൂന്ന് വര്‍ഷം മുമ്പ് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭഗവതുമായി പങ്കുവയ്‌ക്കുവാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍, തന്‍റെ സമുദായത്തില്‍പ്പെട്ടവര്‍ തന്നെ ഇതിനെ എതിര്‍ക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇടിവി ഭാരതുമായി അദ്ദേഹം നടത്തിയ അഭിമുഖത്തിലെ ഏതാനും ഭാഗങ്ങള്‍,
ഇടിവി ഭാരത്: ദി കേരള സ്‌റ്റോറി എന്ന ചിത്രത്തിന് മേലുള്ള വിവാദങ്ങളെ നിങ്ങള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?
മദനി: ഹിന്ദു- മുസ്‌ലിം ശത്രുതയുടെ വേരുകള്‍ ആഴത്തിലാക്കുവാനുള്ള ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമാണിത്. എത്ര പെണ്‍കുട്ടികളെ ഐഎസില്‍ ചേര്‍ത്തു എന്നതിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നോ ഐബിയില്‍ നിന്നോ കൃത്യമായ കണക്കുകള്‍ ഉണ്ടോ?. ഇസ്‌ലാം വിഭാഗത്തെ ആകെ അപകീര്‍ത്തിപ്പെടുത്തുവാനായി മനഃപൂര്‍വം കെട്ടിച്ചമച്ച കഥയാണിത്.
ഇടിവി ഭാരത്: ജംഇയ്യത്തുര്‍ ഇതിന് എങ്ങനെ നേരിടും? നിങ്ങള്‍ കോടതിയെ സമീപിക്കുമോ?
മദനി: ഇസ്‌ലാം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ കുറെക്കാലങ്ങളായി രാജ്യത്ത് നടക്കുന്നുണ്ട്. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയോ ഏതെങ്കിലും പ്രത്യേക നേതാവിന്‍റെയോ പേര് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, ഇത്തരം പ്രവര്‍ത്തികള്‍ മതപരമായ സഹവര്‍ത്തിത്വത്തിനും സാമുദായിക സൗഹാര്‍ദത്തിനും ഭീഷണിയാണ്.
ഈ വിഷയത്തില്‍ ഞങ്ങള്‍ ഉടന്‍ സുപ്രീം കോടതിയെ സമീപിക്കും. കോടതി അനുകൂലമായ വിധി പുറപ്പെടുവിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കേരളത്തില്‍ നിന്ന് എത്ര പേര്‍ ഐഎസില്‍ ചേര്‍ന്നുവെന്ന കൃത്യമായ കണക്കുകള്‍ ചോദിക്കുമ്പോള്‍ അവര്‍ക്ക് ഔദ്യോഗിക ഡാറ്റ ഹാജരാക്കേണ്ടി വരും.
തുടര്‍ന്ന് സത്യം പുറത്തു വരും. നീചമായ പ്രവര്‍ത്തികള്‍ സൃഷ്‌ടിക്കുന്നവരെ സമൂഹത്തിന് മുമ്പില്‍ തുറന്നുകാണിക്കാന്‍ സാധിക്കും.