ന്യൂഡൽഹി : പുതുവർഷ രാവിൽ റെക്കോഡ് ഓർഡറുകളും ബുക്കിങ്ങുകളും നേടി സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്ക്‌ഇറ്റ്, സെപ്റ്റോ ഓയോ (Zomato, Swiggy, Blinkit, Zepto and OYO Rooms register record orders and bookings on New Year Eve). കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ഓർഡറുകളും ബുക്കിങ്ങുകളും ഇവ നേടി. ഈ പുതുവർഷ രാവിൽ കഴിഞ്ഞ വർഷങ്ങളേക്കാൾ ഓർഡറുകൾ തങ്ങൾ ഡെലിവറി ചെയ്‌തു. വരും വർഷത്തിൽ ഇതിലേറെ പ്രതീക്ഷയുണ്ടെന്ന് സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയൽ (Zomato Founder and CEO Deepinder Goyal) എക്‌സിൽ കുറിച്ചു.
ഒരു ദിവസത്തിനുള്ളിൽ ലഭിക്കുന്ന എക്കാലത്തെയും ഉയർന്ന ഓർഡറുകളാണ് ഇത്തവണ തങ്ങൾ നേടിയതെന്ന് ബ്ലിങ്ക്‌ഇറ്റ് സിഇഒ അൽബിന്ദർ ദിൻഡ്‌സ പറഞ്ഞു. 2023-ൽ തങ്ങളെ വിശ്വസിച്ചതിന് ഉപഭോക്താക്കളോട് അദ്ദേഹം നന്ദി പറയുകയും ചെയ്‌തു. 'എന്തൊരു ദിവസമായിരുന്നു. 2023-ൽ തങ്ങളെ വിശ്വസിച്ചതിന് നന്ദി. നിങ്ങളെ സേവിക്കാൻ 2024-ൽ ഒരു ദിവസം ലഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്'- അൽബിന്ദർ ദിൻഡ്‌സ എക്‌സിൽ കുറിച്ചു (Blinkit CEO Albinder Dhindsa).
ലഖ്‌നൗവിൽ നിന്നുള്ള ഒരു ഉപയോക്താവ് ബ്ലിങ്ക്‌ഇറ്റിൽ 33,683 രൂപയുടെ ഓർഡറുകളാണ് നൽകിയത്. അതേസമയം, സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ 48,950 രൂപയുടെ ഓർഡറും ഒരു കൊൽക്കത്ത സ്വദേശി നൽകി. 2024ലെ വരവേൽക്കാൻ മുമ്പെങ്ങുമില്ലാത്ത വിധമാണ് ഇന്ത്യ ആഘോഷിക്കുന്നതെന്ന് സ്വിഗ്ഗി സിഇഒ രോഹിത് കപൂർ (Swiggy CEO Rohit Kapoor) എക്‌സിൽ കുറിച്ചിരുന്നു. അർധരാത്രിയിൽ ടീമിനൊപ്പമുള്ള ഒരു ഫോട്ടോയും അദ്ദേഹം എക്‌സിൽ പങ്കിട്ടു.
സെപ്റ്റോയിലെ ഓർഡറുകളിലും വൻ കുതിച്ചുചാട്ടം ഉണ്ടായെന്ന് സിഇഒ അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.1 ദശലക്ഷം കൂടുതൽ ഉപഭോക്താക്കൾക്ക് സേവനം നൽകിയതായി സെപ്റ്റോയുടെ സഹസ്ഥാപകനും സിഇഒയുമായ ആദിത് പാലിച്ച (Aadit Palicha, co-founder and CEO of Zepto) പറഞ്ഞു.
പുതുവർഷ രാവിൽ ആഭ്യന്തര, അന്തർദേശീയ ബുക്കിങ്ങുകൾ കുതിച്ചുയർന്നതായി ഓയോയുടെ സ്ഥാപകനും സിഇഒയുമായ റിതേഷ് അഗർവാളും വ്യക്തമാക്കി. ഈ വർഷം ഡിസംബർ 30 നും 31 നും ഇടയിൽ ആഗോളതലത്തിൽ 2,30,000ത്തിലധികം ലാസ്റ്റ് മിനിറ്റ് ബുക്കിങ്ങുകൾ ലഭിച്ചുവെന്ന് അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്‌തു. 2023-ലെ പുതുവത്സരാഘോഷ രാവിൽ ഒയോയ്ക്ക് 6,20,000ത്തിലധികം ബുക്കിങ്ങുകൾ ലഭിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 37 ശതമാനം കൂടുതലാണിതെന്നും അദ്ദേഹം വ്യക്തമാക്കി.