ചണ്ഡീഗഢ്:വനിത ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ കുളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിച്ച വിദ്യാര്‍ഥിനി അറസ്റ്റില്‍. മൊഹാലിയിലെ ചണ്ഡീഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളുടെ ദൃശ്യങ്ങളാണ് പുറത്തായത്. സംഭവത്തെ തുടര്‍ന്ന് ആത്മഹത്യ ഭീഷണിയുമായി വിദ്യാര്‍ഥിനികള്‍ രംഗത്ത് എത്തി.
വിദ്യാർഥികള്‍ പ്രതിഷേധിക്കുന്നതിന്‍റെ ദൃശ്യം ഇന്നലെ (സെപ്‌റ്റംബര്‍ 17) രാത്രിയോടെയാണ് സംഭവം. പിന്നാലെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. മുദ്രാവാക്യവുമായി കാമ്പസില്‍ തടിച്ചു കൂടിയ വിദ്യാര്‍ഥികളെ പൊലീസെത്തിയാണ് ശാന്തരാക്കിയത്. പുറത്തുവന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സംയമനം പാലിക്കണമെന്നും സര്‍വകലാശാല അധികൃതര്‍ അഭ്യര്‍ഥിച്ചു.
അതേസമയം വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്ന വാര്‍ത്ത അധികൃതര്‍ നിഷേധിച്ചു. പ്രതിഷേധത്തിനിടെ ഒരു വിദ്യാര്‍ഥി കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിശദീകരണം. വിദ്യാർഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും അധികൃതർ കൂട്ടിച്ചേര്‍ത്തു.
ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ഥികള്‍ ശാന്തരാകണമെന്ന് അഭ്യര്‍ഥിച്ച പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിങ് ബൈന്‍സ് കുറ്റക്കാരെ വെറുതെ വിടില്ലെന്ന് വ്യക്തമാക്കി. വിഷയം ഗൗരവകരമാണെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പഞ്ചാബ് വനിത കമ്മിഷന്‍ ചെയർപേഴ്‌സണ്‍ മനിഷ ഗുലാട്ടി പ്രതികരിച്ചു.