സാഗർ :മധ്യപ്രദേശിലെ സാഗർ ജില്ലയിൽ 12 കോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കൊള്ളയടിച്ച് അജ്ഞാത സംഘം. തമിഴ്‌നാട്ടിൽ നിന്ന് ഗുരുഗ്രാമിലേക്ക് ഫോണുകളുമായി വരികയായിരുന്ന കണ്ടെയ്‌നർ ട്രക്ക് സംഘം തട്ടിയെടുക്കുകയായിരുന്നു. എന്നാൽ സംഭവ സ്ഥലത്തുനിന്നും 400 കിലോമീറ്റർ അകലെ ഇൻഡോറിന് സമീപം, കൊള്ളയടിക്കപ്പെട്ട മൊബൈൽ ഫോണുകൾ മറ്റൊരു ട്രക്കിൽ നിന്ന് പൊലീസ് കണ്ടെത്തി. പ്രതികൾ ഒളിവിലാണ്.
12 കോടി വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കൊള്ളയടിച്ച് അജ്ഞാത സംഘം - അജ്ഞാത സംഘം
സംഭവം നടന്ന് 24 മണിക്കൂറിനകം ഇൻഡോറിന് സമീപം മറ്റൊരു ട്രക്കിൽ നിന്ന് പൊലീസ്, കൊള്ളയടിക്കപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തി. പ്രതികൾ ഒളിവിലാണ്.
വ്യാഴാഴ്‌ച രാത്രി ദേശീയ പാതയിൽ മഹാരാജ്‌പൂർ ഗ്രാമത്തിന് സമീപത്തുവച്ചാണ് നാലുപേരടങ്ങുന്ന അജ്ഞാത സംഘം ട്രക്ക് ഡ്രൈവറെയുൾപ്പെടെ തട്ടിക്കൊണ്ടുപോയത്. എന്നാൾ ഡ്രൈവറെ പിന്നീട് നർസിംഗ്‌പൂരിൽ ഇറക്കി വിട്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇൻഡോർ ജില്ലയിലെ ഷിപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ മറ്റൊരു ട്രക്കിൽ ഫോണുകൾ കണ്ടെത്തിയത്.
പ്രതികൾ ഫോണുകള്‍ മറ്റൊരു ട്രക്കിലേക്ക് മാറ്റിയ ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ നാല് അജ്ഞാത കവർച്ചക്കാർക്കെതിരെ കേസെടുത്തതായി സാഗർ ജില്ലയിലെ ഗൂർജാമർ പൊലീസ് സ്റ്റേഷൻ സൂപ്രണ്ട് തരുൺ നായക് പറഞ്ഞു. വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.