ശ്രീനഗർ (ജമ്മു കശ്‌മീർ): ശ്രീനഗറിലെ പ്രശസ്‌തമായ ദാൽ തടാകത്തിലെ ഹൗസ് ബോട്ടുകളിൽ വൻ തീപിടിത്തം (Massive fire guts houseboats in Dal Lake Srinagar). തടാകത്തിലെ ഹൗസ് ബോട്ടുകളിലൊന്നിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് മറ്റ് ഹൗസ് ബോട്ടുകളിലേക്കും തീപടർന്ന് പിടിക്കുകയായിരുന്നു. ഹൗസ് ബോട്ടുകൾ പൂർണമായും കത്തി നശിച്ചതായി അധികൃതർ അറിയിച്ചു.
ശനിയാഴ്‌ച (നവംബർ 11) പുലർച്ചെ ശ്രീനഗറിലെ ദൽഗേറ്റ് ഏരിയയിലെ ബൊളിവാർഡിന് അടുത്ത് ഘട്ട് നമ്പർ 9 ന് സമീപമുള്ള ഹൗസ് ബോട്ടുകളിലൊന്നിലാണ് തീപിടിത്തമുണ്ടായതെന്ന് ഔദ്യോഗിക റിപ്പോർട്ടുകളിൽ പറയുന്നത്. തീപിടിത്തമുണ്ടായ ഹൗസ് ബോട്ടിൽ നിന്ന് സമീപത്തെ മറ്റ് ഹൗസ് ബോട്ടുകളിലേക്കും തീ പടർന്നാണ് അപകടം ഉണ്ടായത്.
മൂന്നോ നാലോ ഹൗസ് ബോട്ടുകളിൽ തീ പടർന്നെങ്കിലും, ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. സംഭവം സ്ഥിരീകരിച്ച ഫയർ ആന്‍റ് എമർജൻസി ഡിപ്പാർട്ട്‌മെന്‍റ് ഓഫിസർ ഇടിവി ഭാരതിനോട് പറഞ്ഞു, ഘട്ട് നമ്പർ 9 ന് സമീപമുള്ള തടാകത്തിൽ നിർത്തിയിട്ടിരുന്ന സഫീന ഹൗസ് ബോട്ടിന് തീപിടിച്ചതായി ഇന്ന് രാവിലെ ഞങ്ങൾക്ക് വിവരം ലഭിച്ചുവെന്നും ജാഗ്രത നിർദേശം ലഭിച്ചയുടൻ ഫയർ ആൻഡ് എമർജൻസി ഡിപ്പാർട്ട്‌മെന്‍റ് (Fire and Emergency Department) സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.