ശൈശവ വിവാഹത്തിനെതിരെ കര്‍ശന നടപടി ഗുവഹത്തി: ശൈശവ വിവാഹത്തിനെതിരെ അസം സര്‍ക്കാര്‍ സ്വീകരിച്ച നടപടിയുടെ ഭാഗമായി സംസ്ഥാനത്ത് നിരവധി പേര്‍ അറസ്റ്റില്‍. ഇന്നലെ മാത്രം 50 പേര്‍ അറസ്റ്റിലായതായാണ് അധികൃതര്‍ നല്‍കുന്ന വിവരം. സംസ്ഥാനത്ത് ഇതുവരെ 4,004 ശൈശവ വിവാഹ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
'സംസ്ഥാനത്തെ ശൈശവ വിവാഹം അവസാനിപ്പിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് അസം സര്‍ക്കാര്‍. ഇതുവരെ 4,004 കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ഫെബ്രുവരി മൂന്ന് മുതല്‍ നടപടി ആരംഭിക്കും. എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു', മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ട്വീറ്റ് ചെയ്‌തു. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് തയാറാക്കിയ പട്ടികയും മുഖ്യമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചു.
സംസ്ഥാനത്ത് പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്‌ത ആയിരത്തിലധികം പുരുഷന്‍മാര്‍ വരും ദിവസങ്ങളില്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 14 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ച് അവരില്‍ സന്താനോത്‌പാദനം നടത്തിയ പുരുഷന്‍മാരെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന് പൊലീസ് ഇന്നലെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.
ബട്ടദ്രാവ, മോറിഗാവ്, ധിങ്, ലഹാരിഘട്ട്, മജുലി, ചരിദുവാര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നാണ് 50 പുരുഷന്‍മാരെ അറസ്റ്റ് ചെയ്‌തത്. സംസ്ഥാന പൊലീസിന്‍റെ കണക്ക് പ്രകാരം ധുബ്രി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം റിപ്പോര്‍ട്ട് ചെയ്‌തത്. 370 കേസുകളാണ് ധുബ്രിയില്‍ രജിസ്റ്റര്‍ ചെയ്‌തത്. ഹിലകണ്ടി ജില്ലയിലാണ് കുറവ്. ഇവിടെ ഒരു കേസാണ് രജിസ്റ്റര്‍ ചെയ്‌തത്. സംസ്ഥാനത്ത് ഒമ്പതു വയസുകാരി അമ്മയായതും പൊലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
വധുവിന്‍റെ പ്രായം 18 ന് താഴെയാണെങ്കില്‍ 2006ലെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരം കേസെടുക്കുമെന്നും ശൈശവ വിവാഹത്തില്‍ ഏര്‍പ്പെടുന്നവരെ ജയിലിലടയ്‌ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തില്‍ അറസ്റ്റിലാകുന്ന പുരുഷന്‍മാരുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി അരി വിതരണം ചെയ്യുമെന്നും അവരെ അരുണോദയ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവശ്യമായ സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.