താനെ (മഹാരാഷ്‌ട്ര): താനെയില്‍ ഉല്ലാസ്‌നഗർ (Ulhasnagar) ഷഹാദ് ഏരിയയിലെ ഫാക്‌ടറിയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് മരണം. ഷഹാദ് ഏരിയയിലെ സെഞ്ച്വറി റയോൺ കമ്പനിയിൽ (Century Rayon Company) ഇന്ന് രാവിലെ 11.30 ഓടെയാണ് വൻ സ്‌ഫോടനമുണ്ടായത് (Massive blast at Century Rayon Company in Thane- Two Dead). സ്‌ഫോടനത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള സെഞ്ച്വറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്‌ഫോടനത്തില്‍ നഗരത്തിലെ തനാജിനഗർ, ഷഹദ് ഗവ്താൻ, ഗുൽഷൻ നഗർ, ഷഹദ് ഫടക്, ധോബിഘട്ട്, ശിവ്‌നേരി നഗർ എന്നിവിടങ്ങളിലെ വീടുകൾ കുലുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയുടെ (Fire Force) നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കമ്പനിയ്ക്കകത്ത് കൂടുതൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്.
സെഞ്ച്വറി റയോൺ കമ്പനിയുടെ CS2 വിഭാഗമാണ് സ്‌ഫോടനത്തിന്‍റെ ഉറവിടമെന്നാണ് വിവരം. തൊഴിലാളികളായ ശൈലേഷ് രാജ്‌കരൻ യാദവ് (26), രാജേഷ് ശ്രീവാസ്തവ (46), അനന്ത ദിഗാരെ (50), അനന്ത് ജാദവ് എന്നിവരാണ് സ്‌ഫോടന സമയത്ത് പരിസരത്തുണ്ടായിരുന്നവര്‍. ഇവിടെയുണ്ടായിരുന്ന ടാങ്കർ ഡ്രൈവർ പവൻ യാദവിനെ കാണാതായിട്ടുണ്ട്. ഇവരെല്ലാം മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. സംഭവ സ്ഥലത്തുനിന്ന് ലഭിച്ച തിരിച്ചറിയാനാകാത്ത വിധത്തിലുള്ള മൃതദേഹാവശിഷ്‌ടങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സാഗർ സാൽട്ടെ, പണ്ഡിറ്റ് മോർ, പ്രകാശ് നികം, ഹൻസ്‌രാജ് സരോജ്, അമിത് ഭാർനുകെ, മുഹമ്മദ് അർമാൻ എന്നീ തൊഴിലാളികൾ പരിക്കേറ്റ് സെഞ്ച്വറി ആശുപത്രിയിൽ ചികിത്സയിലുണ്ട്.