ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി-യുവമോർച്ച നേതാവിന്‍റെ കൊലപാതകത്തിന് പിന്നാലെ ബിജെപിയില്‍ കൂട്ടരാജി. കര്‍ണാടക സര്‍ക്കാര്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് രാജി. ബിജെപിയുടെ സാമൂഹിക മാധ്യമ സംഘത്തിലെ അംഗം ശ്രീനിവാസ് ഗൗഡ, യുവമോർച്ച ജനറൽ സെക്രട്ടറിയും എംഎൽഎ സിദ്ദു സാവദിയുടെ മകനുമായ വിദ്യാധർ സാവദി ഉള്‍പ്പെടെയുള്ള നേതാക്കളും നിരവധി പ്രവര്‍ത്തകരുമാണ് രാജിവച്ചത്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും എംഎല്‍എയുമായ എം.പി രേണുകാചാര്യ രാജിയെ കുറിച്ച് ആലോചിക്കുകയാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. ബിജെപി സര്‍ക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് പാർട്ടി പ്രവര്‍ത്തകർ സുരക്ഷിതരല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ജൂലൈ 26ന് ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെയ്ക്ക് സമീപം നെട്ടാരുവിൽ വച്ചാണ് രണ്ടംഗസംഘം ബിജെപി-യുവമോർച്ച നേതാവിനെ രണ്ടംഗസംഘം വെട്ടിക്കൊലപ്പെടുത്തി.
ചൊവ്വാഴ്‌ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. പ്രവീണിനെ ബൈക്കിലെത്തിയ രണ്ട് അക്രമികൾ ചേർന്ന് മൂർച്ചയേറിയ ആയുധങ്ങളുപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പ്രവീണിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് പലയിടത്തും വ്യാപക പ്രതിഷേധം നടക്കുകയാണ്.
കഴിഞ്ഞ ദിവസം പ്രവീണിന്‍റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ബിജെപി-യുവമോര്‍ച്ച നേതാവിന്‍റെ കൊലപാതകത്തിന് പിന്നാലെ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് രാജിവച്ച നേതാക്കള്‍ ഇവരാണ്-
ഗംഗവതി:ഗംഗാവതിയില്‍ബിജെപി സിറ്റി യൂത്ത് യൂണിറ്റ് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജിവച്ചു. ഗംഗവതി സിറ്റി യൂണിറ്റ് യുവമോര്‍ച്ച പ്രസിഡന്‍റ് കെ വെങ്കടേഷ് സിറ്റി യൂണിറ്റ് പ്രസിഡന്‍റ് കാശിനാഥ് ചിത്രഗാരക്ക് രാജിക്കത്ത് കൈമാറി. പാർട്ടി അധികാരത്തിലുണ്ടെങ്കിലും പ്രവര്‍ത്തകര്‍ക്ക് സംരക്ഷണമില്ലെന്നും കുറ്റവാളികള്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന വാഗ്‌ദാനം വാക്കിലൊതുങ്ങുകയാണെന്നും ആരോപിച്ചാണ് കെ വെങ്കടേഷ് രാജി സമര്‍പ്പിച്ചത്.
മൈസൂര്‍: മൈസൂരില്‍ എൻആർ മണ്ഡലം യുവമോർച്ച പ്രസിഡന്‍റ് ഉള്‍പ്പെടെ നാല് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ചു. പ്രസിഡന്‍റ് ഡി ലോഹിത്, ജനറൽ സെക്രട്ടറിമാരായ ധനരാജ്, നവീൻ ഷെട്ടി, സെക്രട്ടറിമാരായ എം രാജു, ജി അരുൺ എന്നിവരാണ് രാജി വച്ചത്. പ്രവീണിന്‍റെ കൊലപാതകം ബിജെപി യുവജന സംഘത്തിന് നികത്താനാകാത്ത നഷ്‌ടമാണ് സൃഷ്‌ടിച്ചത്. കണ്‍മുൻപിൽ വച്ച് നടന്ന കൊലപാതകങ്ങളില്‍ എത്രത്തോളം നീതി ലഭിച്ചോയെന്നത് നേരത്തെ വ്യക്തമാണ്. കർശന നടപടിയെടുക്കുമെന്നത് വാഗ്‌ദാനമായി മാത്രം നിലനിൽക്കുന്നതിനാലാണ് രാജിവയ്ക്കുന്നതെന്നും നേതാക്കള്‍ രാജിക്കത്തില്‍ പറഞ്ഞു.