ജാംനഗർ (ഗുജറാത്ത്): അരുമ മൃഗങ്ങളുടെ വാർത്തകൾ എന്നും ശ്രദ്ധ നേടാറുണ്ട്. നായയുടെയും പൂച്ചയുടെയും വാർത്തകൾ ക്ളിഷേകളായി മാറിയിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായി കുതിരയുടേയും അവന്‍റെ യജമാനന്‍റെയും കഥ കേട്ടാലോ? സംഭവം നടക്കുന്നത് അങ്ങ് രാജസ്ഥാനിലാണ് (Marwari breed horse Kesariya offered Rs 10 crore at Pushkar animal fair owner rejects).
രാജസ്ഥാനിലുളള പുഷ്‌കറിലെ മൃഗ മേളകൾ എന്നും ശ്രദ്ധ നേടാറുണ്ട്. ഈ മേളയിലെ പ്രധാന ആകർഷണമായിരിക്കുകയാണ് ഗുജറാത്തിൽ നിന്നുളള കേസരിയ എന്ന കുതിര. മാർവാടി ഇനത്തിൽപ്പെട്ട 'കേസരിയ' തന്‍റെ രൂപത്തിലും വൈദഗ്ധ്യത്തിലും വേറിട്ടു നിന്നതാണ് മറ്റുളളവരുടെ ശ്രദ്ധ ആകർഷിക്കാനിടയായ പ്രധാന കാരണം.
കേസരിയയുടെ സൗന്ദര്യത്തിൽ മനം മയങ്ങി പാരീസിൽ നിന്നുവരെ അവനെ സ്വന്തമാകാൻ ആളെത്തി.10 കോടി രൂപയായിരുന്നു ഉടമയായ ജാംനഗറിലെ ലോത്തിയ ഗ്രാമത്തിൽ നിന്നുള്ള ചരൺജിത് സിംങ് മെഹ്‌തുവിന് പാരീസിൽ നിന്നും വന്ന ഓഫർ. എന്നാൽ എത്രയൊക്കെ പണം നൽകിയാലും കേസരിയയെ പിരിയുന്നത് അവന് ചിന്തിക്കാൻ പോലും കഴിയില്ല.
കേസരിയ വിൽപനയ്ക്കല്ല പകരം പ്രദർശനത്തിനാണ് വെച്ചിരിക്കുന്നതെന്ന് പറഞ്ഞായിരുന്നു അദ്ദേഹം വിദേശിയുടെ വാഗ്‌ദാനം നിരസിച്ചത്. എല്ലാ വർഷവും നടക്കുന്ന പുഷ്‌കറിലെ മൃഗ മേളയ്ക്ക് രാജ്യത്തു നിന്നും വിദേശത്തു നിന്നും വൻ ജനാവലിയാണ് എത്തുന്നത്. കാണികളിൽ ഫ്രാൻസ്, യുഎസ്എ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ളവരും പങ്കെടുക്കുന്നുണ്ട്.