ഹൈദരാബാദ്: ഓണ്‍ലൈന്‍ ഗെയിമായ പബ്‌ജി വഴി ഇന്ത്യന്‍ വംശജനുമായി പ്രണയത്തിലായി പാകിസ്ഥാന്‍ വിട്ട് തന്‍റെ നാല് കുട്ടികളുമായി ഇന്ത്യയിലേയ്‌ക്ക് എത്തിയ സീമ എന്ന യുവതിയുടെ വാര്‍ത്തകളായിരുന്നു അടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍, ഇതേ ഗെയിം വഴി നിരവധി പേരുടെ ജീവനും അപകടത്തിലായ വാര്‍ത്തകളും ദിനം പ്രതി കേള്‍ക്കാറുള്ളതാണ്. പബ്‌ജി ഗെയിമില്‍ പരിചയപ്പെട്ട യുവാവ് മദ്യം നല്‍കിയ ശേഷം പീഡനത്തിനിരയാക്കുകയും നഗ്ന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തതിനെ തുടര്‍ന്ന് യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതാണ് പുതിയ സംഭവം.
ആന്ധ്രാപ്രദേശിലെ കൊനസേമ സ്വദേശയായ യുവതി പബ്‌ജി വഴി പരിചയപ്പെട്ട സമീപ്രദേശത്തുള്ള വാസ കുമാര്‍ നരസിംഹ മൂര്‍ത്തി എന്ന യുവാവുമായി അടുപ്പത്തിലായിരുന്നു. 2020നായിരുന്നു തന്‍റെ ഗ്രാമത്തിലുള്ള ഒരു പുരുഷനുമായി യുവതി വിവാഹിതയാവുന്നത്. വിവാഹത്തിന് ശേഷമാണ് വാസ കുമാറുമായി യുവതി പ്രണയത്തിലാവുന്നത്.
വേര്‍പിരിഞ്ഞ് ഭര്‍ത്താവും യുവതിയും: വാസ കുമറുമായി നിരന്തരമുള്ള ഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന് യുവതിയും ഭര്‍ത്താവും വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. തനിച്ച് താമസിച്ചിരുന്ന യുവതി ജോലി ആവശ്യത്തിനായി ഹൈദരാബാദിലുള്ള ഒരു സുഹൃത്തിനെ സമീപിച്ചിരുന്നു.
യുവതിയെ കാണാന്‍ വാസകുമാറും ഹൈദരാബാദിലെത്തിയിരുന്നു. നഗരത്തിലെത്തിയ വാസ കുമാര്‍ യുവതിയുമായി നിരവധി തവണ കൂടിക്കാഴ്‌ച നടത്തിയിരുന്നു. എന്നാല്‍, ഇയാളുടെ പെരുമാറ്റത്തില്‍ പന്തികേട് അനുഭവപ്പെട്ട യുവതി സുരക്ഷയ്‌ക്കായി അമീര്‍പേട്ടിലുള്ള ഒരു ഹോസ്‌റ്റലില്‍ താമസമാക്കിയിരുന്നു.