ജയ്‌പൂര്‍ : കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജസ്ഥാനിലെ രൺതംബോർ ദേശീയോദ്യാനത്തില്‍ നിന്നും നിരവധി കടുവകളെയും കുഞ്ഞുങ്ങളെയും കാണാതായെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി 14 കടുവകളെയും ഒന്‍പത് കുഞ്ഞുങ്ങളെയുമാണ് കാണാതായിരിക്കുന്നത്. ഇവയെല്ലാം മരണപ്പെട്ടോ അതോ ജീവിച്ചിരുപ്പുണ്ടോ എന്നതിനെക്കുറിച്ച് യാതൊരു വിധ തെളിവുകളുമില്ല എന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു.
രാജസ്ഥാനില്‍ കടുവകളുടെ നിരന്തരമായ വര്‍ധനവ് നിരവധി ടൂറിസ്‌റ്റുകളെ വനത്തിലേയ്‌ക്ക് ആകര്‍ഷിച്ചിരുന്നു. കാട്ടിലെ യാത്രയ്‌ക്കായും കടുവകളെ കാണാനായും പല മേഖലയില്‍ നിന്നും നിരവധി താരങ്ങളടക്കം രാജസ്ഥാനിലെ കടുവ സങ്കേതത്തിലേയ്‌ക്ക് എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ വിനോദ സഞ്ചാരികള്‍ പകല്‍ മുഴുവനും വനത്തില്‍ സന്ദര്‍ശനത്തിനായി എത്തിയിട്ടും കടുവകളെ കാണാന്‍ സാധിക്കുന്നില്ല.
വനംവകുപ്പ് വളരെയധികം ശ്രദ്ധയോടെയായിരുന്നു കടുവകളെ പരിപാലിച്ചിരുന്നത്. വനം വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം രാജസ്ഥാനിലെ മൂന്ന് കടുവ സങ്കേതത്തില്‍ നിന്ന് മൂന്ന് വര്‍ഷങ്ങളിലായി 14 കടുവകളെയും നിരവധി കുഞ്ഞുങ്ങളെയുമാണ് കാണാതായത്. നിരന്തരമായി കടുവകളെ കാണാതാകുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളാണുള്ളതെന്ന് ണ്‍തംബോര്‍ കടുവ സങ്കേതത്തിലെ ഡിഎഫ്ഒ സംഗ്രം സിങ് പറയുന്നു.
കടുവകളെ കാണാതാകുന്നതിന് പിന്നിലെ കാരണങ്ങള്‍: രണ്‍തംബോര്‍ കടുവ സങ്കേതത്തിന് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറം കടുവകള്‍ വസിച്ചിരുന്നു. അതിനാല്‍ തന്നെ കടുവകള്‍ക്ക് വനം വാസയോഗ്യമാക്കാന്‍ സാധിക്കാത്തതിനാല്‍ പുറം ഭാഗങ്ങളിലേയ്‌ക്ക് ഇവ വാസസ്ഥലം തേടി പോയിട്ടുണ്ട്. ഇങ്ങനെ വനം വിട്ട് പോയ കടുവകളെ പിന്തുടരാന്‍ ജീവനക്കാര്‍ക്ക് സാധ്യമല്ലാത്തതിനാല്‍ കാണാതായ കടുവകളുടെ വിഭാഗത്തില്‍ ഇവയെ ചേര്‍ക്കുന്നു.
ശരാശരി കാലയളവില്‍ ജീവിച്ച് സ്വഭാവികമായി മരണം സംഭവിക്കുന്ന നിരവധി കടുവകള്‍ ഉണ്ട്. അവയുടെ ജഡം പ്രാണികളോ അല്ലെങ്കില്‍ മറ്റ് വന്യ മൃഗങ്ങളോ ഭക്ഷിക്കുന്നു. അതിനാല്‍ തന്നെ അവ മരിച്ചു എന്ന് സൂചിപ്പിക്കുന്ന തരത്തില്‍ യാതൊരു തെളിവുകളും കണ്ടെത്താന്‍ സാധിക്കുന്നില്ല. ഇവ വേട്ടയാടപ്പെട്ടു എന്ന് സൂചിപ്പിക്കുന്ന തെളിവുകളും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് സംഗ്രം സിങ് പറഞ്ഞു.