ന്യൂഡൽഹി: 15 വയസിന് താഴെയുള്ള കുട്ടികളിലെ വാക്‌സിനേഷൻ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെ, ബന്ധപ്പെട്ട വിഭാഗക്കാരുടെ വാക്‌സിനേഷൻ സംബന്ധിച്ച് വിദഗ്‌ധരുടെ നിർദേശങ്ങള്‍ പാലിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യസഭയിൽ അറിയിച്ചു.
രാജ്യത്ത് ഇതുവരെ 15 മുതൽ 18 വയസുവരെയുള്ളവരിൽ ഏകദേശം 67 ശതമാനം പേരും വാക്‌സിനേഷൻ സ്വീകരിച്ചുകഴിഞ്ഞു. വാക്‌സിനേഷൻ ഡ്രൈവ് അതിവേഗം പുരോഗമിക്കുകയാണ്. 15 വയസിന് താഴെയുള്ളവരുടെ വാക്‌സിനേഷൻ സംബന്ധിച്ച് വിദഗ്‌ധാഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കുമെന്ന് മാണ്ഡവ്യ വ്യക്തമാക്കി. കുട്ടികളിൽ ഒമിക്രോൺ ഭീഷണി നിലനിൽക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ബിജെപി എംപി സയ്യിദ് സഫർ ഇസ്‌ലാം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയാരുന്നു അദ്ദേഹം.
കൊവിഡ് പ്രതിരോധ വാക്‌സിന്‍റെ ഫലപ്രാപ്തി സംബന്ധിച്ച് ബിജെപി എംപി ടി.ജി വെങ്കിടേഷ് ഉന്നയിച്ച ചോദ്യങ്ങളിൽ പ്രതികരിച്ച അദ്ദേഹം, കൊവിഡ് രോഗികൾക്കിടയിലെ മരണനിരക്കും ആശുപത്രി പ്രവേശന നിരക്കും കുറയ്ക്കാൻ വാക്‌സിനേഷൻ സഹായിക്കുമെന്ന് ഐസിഎംആറും മറ്റ് ഗ്ലോബൽ സയന്‍റിഫിക് ഇൻസ്റ്റിറ്റ്യൂട്ടുകളും അംഗീകരിച്ചതായും ചൂണ്ടിക്കാട്ടി. 90 ശതമാനത്തിൽ കൂടുതൽ ആളുകൾ ആദ്യ ഡോസ് സ്വീകരിക്കാത്ത വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ യോഗ്യരായ 97.5 പേർക്ക് ആദ്യ ഡോസും 77 ശതമാനം പേർക്ക് രണ്ടാം ഡോസും ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.