ന്യൂഡൽഹി: രാജ്യത്ത് മുതിർന്ന പൗരൻമാരിൽ 70% പേരും സമ്പൂർണ വാക്‌സിനേഷൻ സ്വീകരിച്ചതായും 93% പേർക്ക് ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. വാക്‌സിനേഷൻ ഡ്രൈവിന്‍റെ ഒരു വർഷം അടയാളപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഐസിഎംആറും ഭാരത് ബയോടെക്കും സംയുക്തമായി, തദ്ദേശിയമായി പുറത്തിറക്കിയ 'അനുസ്‌മരണ തപാൽ സ്റ്റാമ്പ്' പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: ഗോവ തെരഞ്ഞെടുപ്പ്: ശിവസേനയും എൻ.സി.പിയും ഒന്നിച്ച് മത്സരിക്കുമെന്ന് സഞ്ജയ് റാവത്ത്
ഓരോ ഇന്ത്യൻ പൗരനും ഇത് അഭിമാന നിമിഷമാണ്. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ പുരോഗതിയിൽ ലോകം മുഴുവൻ ആശ്ചര്യപ്പെടുന്നു. പലരും കേന്ദ്രത്തിന്‍റെ വാക്‌സിനേഷൻ പദ്ധതിയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിച്ചു.
എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശ്ചയദാർഢ്യത്തിലൂടെയും, ശാസ്ത്രജ്ഞർക്കും വാക്‌സിൻ നിർമാണ കമ്പനികൾക്കും അദ്ദേഹം നൽകിയ പ്രോത്സാഹനത്തിലൂടെയും അത്തരം ആശയക്കുഴപ്പങ്ങളെ ചെറുക്കാനായെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും വലിയ ജനസംഖ്യയും വൈവിധ്യവും ഉണ്ടായിരുന്നിട്ടും 156 കോടി ഡോസ് വാക്‌സിൻ എന്ന നാഴികക്കല്ല് കൈവരിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. കൊവിഡ് വാക്സിനേഷൻ ഡ്രൈവിന്‍റെ ഒരു വർഷം തികയുന്ന വേളയിൽ വാക്‌സിനേഷൻ അനുസ്‌മരണ തപാൽ സ്റ്റാമ്പ് പുറത്തിറക്കാനായത് പ്രധാനമന്ത്രിയുടെ 'സ്വാശ്രയ ഇന്ത്യ' എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നുവെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.