ന്യൂഡൽഹി : ഹരിയാന സിംഘു അതിർത്തിയിൽ യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. യുവാവിന്‍റൈ കൈ അറുത്തുമാറ്റിയിട്ടുണ്ട്. അർധ നഗ്നനായ യുവാവിനെ ബാരിക്കേഡിലാണ് കെട്ടിത്തൂക്കിയത്. കാർഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടന്നിരുന്ന സ്ഥലത്തായിരുന്നു മൃതദേഹം.
കൊലപാതകത്തിന് മുമ്പ് യുവാവിനെ ഏറെനേരം ക്രൂരമായി ഉപദ്രവിച്ചതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. സിഖ് മത വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് ആരോപണം ഉയരുന്നുണ്ട്. എന്നാൽ ഉദ്യോഗസ്ഥർ ഇത് സ്ഥിരീകരിച്ചിട്ടില്ല.
ALSO READ:രണ്ട് സൈനികർ കൊല്ലപ്പെട്ടു, ജമ്മു കശ്‌മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു
പൊലീസ് സ്ഥലത്തെത്തി മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹരിയാന പൊലീസും ഡൽഹി പൊലീസും സംഭവ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
കർഷക സംഘടനകൾ കാർഷിക നിയമങ്ങള്‍ക്കെതിരെ നടത്തുന്ന പ്രതിഷേധങ്ങൾ അടുത്തിടെ സംഘർഷങ്ങളിൽ കലാശിച്ചിരുന്നു. കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ കർഷകർ തിരികെ പോകുന്നതിനിടെയാണ് അവർക്കിടയിലേക്ക് വണ്ടി കയറ്റി കർഷകരെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ സമരത്തിനിടയില്‍ 630 കർഷകരാണ് കൊല്ലപ്പെട്ടത്.