കൊൽക്കത്ത : പശ്ചിമ ബംഗാൾ കായിക മന്ത്രിയും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ മനോജ് തിവാരി ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. കായിക മന്ത്രിയായിരിക്കെ തന്നെ ബംഗാളിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ കളി തുടർന്ന അദ്ദേഹം 2023 ഫെബ്രുവരി വരെ കളത്തിലുണ്ടായിരുന്നു. മനോജ് തിവാരിയുടെ നേതൃത്വത്തിൽ പശ്ചിമ ബംഗാൾ ഇത്തവണ രഞ്ജി ട്രോഫി ഫൈനലിലെത്തിയിരുന്നു. 2015 ലാണ് 37 കാരനായ താരം അവസാനമായി ദേശിയ ടീമിന്‍റെ ജേഴ്‌സി അണിഞ്ഞത്.
ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 'ക്രിക്കറ്റിനോട് വിട. ഈ ഗെയിം എനിക്ക് എല്ലാം തന്നു, ഞാൻ സ്വപ്‌നം കണ്ടിട്ടില്ലാത്ത പല കാര്യങ്ങളും എനിക്ക് നേടിത്തന്നു. പ്രത്യേകിച്ചും എന്‍റെ ജീവിതം വിവിധ പ്രതിസന്ധികളാൽ വെല്ലുവിളി നേരിട്ട കാലഘട്ടം മുതൽ. ക്രിക്കറ്റിനോടും ദൈവത്തോടും ഞാൻ എപ്പോഴും നന്ദിയുള്ളവനായിരിക്കും.' താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'തന്‍റെ ബാല്യകാല പരിശീലകൻ മാനബേന്ദ്ര ഘോഷിനും മുൻ സഹതാരങ്ങൾക്കും കുടുംബത്തിനും തിവാരി നന്ദി പറഞ്ഞു. ക്രിക്കറ്റ് യാത്രയിലെ നെടുംതൂണാണ് എന്‍റെ പിതാവിന് തുല്യനായ പരിശീലകൻ മാനബേന്ദ്ര ഘോഷ്. അന്ന് അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ക്രിക്കറ്റിൽ ഞാൻ എവിടെയും എത്തുമായിരുന്നില്ല. നന്ദി സർ, നിങ്ങൾ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ.
എന്‍റെ അച്ഛനോടും അമ്മയോടും നന്ദി, അവർ ഇരുവരും എന്‍റെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്നിൽ ഒരിക്കലും സമ്മർദ്ദം ചെലുത്തിയിട്ടില്ല, പകരം അവർ എന്നെ ക്രിക്കറ്റിൽ തുടരാൻ പ്രോത്സാഹിപ്പിച്ചു. എന്‍റെ ഭാര്യ സുസ്‌മിത റോയ്, ജീവിതത്തിലേക്ക് കടന്ന് വന്നത് മുതൽ എപ്പോഴും എന്‍റെ പക്ഷത്തായിരുന്നു അവർ.' മനോജ് തിവാരി കൂട്ടിച്ചേർത്തു.
ഇന്ത്യക്കായി : 2008 മുതൽ 2015 വരെയുള്ള കാലഘട്ടത്തിലാണ് തിവാരി ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി കളിച്ചത്. 12 ഏകദിനങ്ങളിലും മൂന്ന് ടി20 കളിലും താരം ബാറ്റ് വീശി. ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഒരു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും ഉൾപ്പെടെ 287 റണ്‍സും, ടി20യിൽ 15 റണ്‍സും നേടിയിട്ടുണ്ട്. 2007-2008 കോമണ്‍വെല്‍ത്ത് ബാങ്ക് സീരീസില്‍ ഓസ്ട്രേലിയക്കെതിരെയായിരുന്നു തിവാരിയുടെ ഇന്ത്യന്‍ അരങ്ങേറ്റം.