ന്യൂഡൽഹി: വേനൽക്കാലത്തിന് മുന്നോടിയായി ജലസംരക്ഷണത്തിനായി 100 ദിവസത്തെ 'ക്യാച്ച് ദി റെയിൻ' കാമ്പയിൻ ആരംഭിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മൻ കി ബാത്തിൽ ജലസംരക്ഷണത്തിന് പ്രാധാന്യം നൽകി പ്രധാനമന്ത്രി - Catch the Rain
ജൽ ശക്തി മന്ത്രാലയം ഉടൻ 'ക്യാച്ച് ദി റെയിൻ' എന്ന പ്രചാരണ പരിപാടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വേനൽക്കാലത്തെ കുറിച്ച് സംസാരിക്കാൻ പറ്റിയ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മെയ്, ജൂൺ എന്നീ മാസങ്ങളിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ ആരംഭിക്കുമെന്നും ആ സമയം ജലസംരക്ഷണത്തിനായി 100 ദിവസത്തെ കാമ്പയിൻ നടത്തണം എന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ജൽ ശക്തി മന്ത്രാലയം ഉടൻ 'ക്യാച്ച് ദി റെയിൻ' എന്ന പ്രചാരണ പരിപാടി ആരംഭിക്കുമെന്നും മഴക്കാലത്ത് ജലം സംരക്ഷിക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ഉദ്ദേശ്യമെന്നും അദ്ദേഹം അറിയിച്ചു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ സംഘടിപ്പിക്കുന്ന കുംഭമേളയെ കുറിച്ച് പരാമർശിച്ച അദ്ദേഹം, ജലം നമ്മുടെ ജീവിതവും വിശ്വാസവും വികസന പ്രവാഹവുമാണെന്നും വ്യക്തമാക്കി.
നൂറ്റാണ്ടുകളായി മനുഷ്യരാശിയുടെ വികസനത്തിന് ജലം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ രണ്ടാമത്തെ മൻ കി ബാത്ത് പരിപാടിയിലാണ് ജലസംരക്ഷണത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.