ന്യൂഡൽഹി/ഇംഫാൽ : മണിപ്പൂരിൽ രണ്ട് സ്‌ത്രീകളെ നഗ്നരാക്കി പൊതുമധ്യത്തിൽ നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നിർദേശം. വീഡിയോ പ്രകോപനപരമായതിനാലും സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാലും ദൃശ്യങ്ങൾ ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നിർദേശിച്ചു. സംഭവത്തിലെ പ്രധാന പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.
കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർക്ക് വധശിക്ഷ നൽകുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് പ്രതികരിച്ചു. സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. നരേന്ദ്ര മോദി സർക്കാർ ഡെമോക്രസിയെ മൊബോക്രസിയാക്കി മാറ്റുകയാണെന്നാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചത്.
സംഘർഷം രൂക്ഷമായ വടക്കുകിഴക്കൻ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും അദ്ദേഹം രാഷ്‌ട്രപതി ദ്രൗപതി മുർമുവിനോട് ആവശ്യപ്പെട്ടു. 'മണിപ്പൂരിൽ മനുഷ്യത്വം മരിച്ചു', പ്രധാനമന്ത്രി നരേന്ദ്ര മോദി വംശീയ അക്രമം ബാധിച്ച സംസ്ഥാനത്തെക്കുറിച്ച് പാർലമെന്‍റിൽ സംസാരിക്കണമെന്നും എന്താണ് സംഭവിച്ചതെന്ന് രാജ്യത്തോട് പറയണമെന്നും മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.
'മോദി സർക്കാരും ബിജെപിയും സംസ്ഥാനത്തിന്‍റെ സൂക്ഷ്‌മമായ സാമൂഹിക ഘടന തകർത്ത് ജനാധിപത്യത്തെയും നിയമവാഴ്‌ചയെയും മൊബോക്രസിയാക്കി മാറ്റി. നരേന്ദ്ര മോദി ജി, നിങ്ങളുടെ മൗനം ഇന്ത്യ ഒരിക്കലും പൊറുക്കില്ല. നിങ്ങളുടെ സർക്കാരിൽ എന്തെങ്കിലും മനഃസാക്ഷി അവശേഷിക്കുന്നുണ്ടെങ്കിൽ മണിപ്പൂരിനെക്കുറിച്ച് പാർലമെന്‍റിൽ സംസാരിക്കുകയും എന്താണ് സംഭവിച്ചതെന്ന് രാജ്യത്തോട് പറയുകയും വേണം' -മല്ലികാർജുൻ ഖാർഗെ ട്വീറ്റ് ചെയ്‌തു.
'ഇന്ത്യ നിശബ്‌ദത പാലിക്കില്ല' : സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധിയും ആഞ്ഞടിച്ചു. 'പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവും മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചു. മണിപ്പൂരിൽ ഇന്ത്യയുടെ ആശയം ആക്രമിക്കപ്പെടുമ്പോൾ ഇന്ത്യ നിശബ്‌ദത പാലിക്കില്ല. മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ് ഞങ്ങൾ നിലകൊള്ളുന്നത്. സമാധാനമാണ് മുന്നിലുള്ള ഏക വഴി' -രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.