ഇംഫാൽ : മണിപ്പൂരിൽ 50കാരി വെടിയേറ്റ് മരിച്ചു. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ സാവോംബംഗ് മേഖലയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. മാറിംഗ് നാഗ സമുദായത്തിൽപ്പെട്ട വനിതയെയാണ് അക്രമികൾ കൊലപ്പെടുത്തിയത്.
ഇവരുടെ വീട്ടില്‍ ആയുധധാരികളായ ചിലർ അതിക്രമിച്ച് കയറിയാണ് കൊലപാതകം നടത്തിയത്. 50 കാരിയുടെ മുഖത്താണ് വെടിയേറ്റത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടുന്നതിന് മുൻപ് ഇവരുടെ മുഖം അക്രമികൾ വികൃതമാക്കുകയും ചെയ്‌തു.
മാനസിക വെല്ലുവിളി നേരിട്ടിരുന്ന സ്‌ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവശേഷം മേഖല മണിപ്പൂർ പൊലീസ് വളഞ്ഞിരിക്കുകയാണ്. ഉദ്യോഗസ്ഥർ സമീപ പ്രദേശത്തെ ചില വീടുകളിൽ തെരച്ചിൽ നടത്തുകയും ചെയ്‌തു. ഇവിടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ ഇന്ന് പുലർച്ചെ മൂന്ന് ട്രക്കുകൾക്ക് തീയിട്ടതായി പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്‌തു. സെക്‌മായി പൊലീസ് സ്റ്റേഷൻ പരിധിയിലെ അവാങ് സെക്‌മായിയിലാണ് സംഭവം. എൽപിജി സിലിണ്ടറുകൾ കൊണ്ടുപോകാൻ ഉപയോഗിച്ച ട്രക്കുകൾക്കാണ് അക്രമികൾ തീയിട്ടതെന്നാണ് റിപ്പോർട്ട്.
മേയ് 3 ന് സംസ്ഥാനത്ത് നടന്ന വംശീയ സംഘർഷത്തെത്തുടർന്ന് 150-ലധികം ആളുകൾക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്. ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തു.
അടങ്ങാത്ത സംഘർഷം : കഴിഞ്ഞ ദിവസം മണിപ്പൂരിൽ സംഘർഷത്തിനിടെ നാല് പേർ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ബിഷ്‌ണുപൂർ ജില്ലയിലെ കാങ്‌വായ് പ്രദേശത്ത് വ്യത്യസ്‌ത സംഭവങ്ങളിലാണ് മണിപ്പൂർ പൊലീസ് കമാൻഡോയും ഒരു കൗമാരക്കാരനും ഉൾപ്പടെ നാല് പേർ കൊല്ലപ്പെട്ടത്. മൊയ്‌റാങ് ടുറെൽ മാപ്പനിൽ ജൂലൈ ആറിന് വൈകുന്നേരമാണ് സംഭവം. അക്രമികളുമായുള്ള ഏറ്റുമുട്ടലിലാണ് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. ജൂലൈ 7ന് പുലർച്ചെയാണ് മറ്റ് മൂന്ന് പേർ കൊല്ലപ്പെട്ടത്.