ഇംഫാല്‍:മണിപ്പൂരിലെ വംശീയ സംഘർഷത്തിന് (manipur violence ) അയവില്ല. വെള്ളിയാഴ്ചയുണ്ടായ കനത്ത വെടിവെപ്പിന് പിന്നാലെ മൂന്ന് യുവാക്കളുടെ വികൃതമാക്കപ്പെട്ട മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഉഖ്‌റുൾ ജില്ലയിലെ കുക്കി തോവായ് ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്.
കൊല്ലപ്പെട്ടവര്‍ 24 വയസിനും 35 വയസിനും ഇടയിൽ പ്രായമുള്ളവരാണ്. ലിറ്റാൻ പൊലീസ് സ്റ്റേഷന്‍ (Litan police station) പരിധിയിൽ പെടുന്ന ഗ്രാമത്തിൽ നിന്ന് അതിരാവിലെ കനത്ത വെടിയൊച്ച കേട്ടിരുന്നു. പിന്നാലെ സമീപ ഗ്രാമങ്ങളിലും വനമേഖലകളിലും പൊലീസ് നടത്തിയ സമഗ്രമായ തിരച്ചിലിനിടെയാണ് മൂന്ന് യുവാക്കളുടെയും മൃതദേഹം കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മെയ് മൂന്ന് മുതലാണ് വടക്കുകിഴക്കൻ സംസ്ഥാനത്ത് വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംസ്ഥാനത്തെ പ്രബല വിഭാഗമായ മെയ്തേയ് സമുദായത്തിന്‍റെ പട്ടികവർഗ (എസ്‌ടി) പദവിക്ക് വേണ്ടിയുള്ള ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ 'ആദിവാസി ഐക്യദാർഢ്യ മാർച്ച്' സംഘടിപ്പിച്ചിരുന്നു. ഈ മാര്‍ച്ചിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് സംസ്ഥാനം അശാന്തിയിലേക്ക് വീണത്.
കലാപഭൂമിയായ മണിപ്പൂരില്‍ സമാധാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ വീണ്ടും വെടിവയ്‌പ്പുണ്ടായത് വീണ്ടും ആശങ്കയ്‌ക്ക് വഴിയൊരുക്കുകയാണ്. ഈ മാസം ആദ്യ വാരത്തില്‍ മണിപ്പൂരില്‍ സമാശ്വാസമെത്തിക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഒരു മേല്‍നോട്ട സമിതിക്ക് സുപ്രീംകോടതി രൂപം നല്‍കിയിരുന്നു. ജമ്മുകശ്‌മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്‌റ്റിസായിരുന്ന ഗീത മിത്തലിന്‍റെ നേതൃത്വത്തിലുള്ള സമിതിയ്‌ക്കാണ് രാജ്യത്തെ പരമോന്നത കോടതി രൂപം നല്‍കിയത്.