ഇംഫാല്‍:മണിപ്പൂരില്‍ സംഘര്‍ഷം (Manipur Violence) രൂക്ഷമാകുന്നു. അക്രമികള്‍ കേന്ദ്രമന്ത്രി രാജ്‌കുമാര്‍ രഞ്ജന്‍റെ (Rajkumar Ranjan) ഇംഫാലിലെ വീടിന് തീയിട്ടു. ഇന്നലെ (ജൂണ്‍ 15) രാത്രി 11 മണിയോടെ ആയിരുന്നു ആക്രമണം ഉണ്ടായത്.
കേന്ദ്രമന്ത്രിയുടെ വീട്ടിലേക്ക് ഇരച്ചെത്തിയ അക്രമികള്‍ വീടിന് തീയിടുകയായിരുന്നു. മന്ത്രിയുടെ വീട്ടിലുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിലുമപ്പുറം ആളുകളാണ് അവിടേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മേഖലയില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ തുടരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഈ സംഭവത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. അതേസമയം, അക്രമസംഭവങ്ങളെ അപലപിച്ച് കേന്ദ്ര സഹമന്ത്രി രാജ്‌കുമാര്‍ രഞ്ജന്‍ രംഗത്തെത്തി.
ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ രാജ്യത്തോട് വലിയ ദ്രോഹമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'അക്രമങ്ങള്‍ ഒന്നിനും ഒരു പരിഹാരമല്ല. ഇതിന് പിന്നിലുള്ളവര്‍ രാജ്യത്തോട് വലിയ ദ്രോഹങ്ങളാണ് ചെയ്യുന്നത്. ഇവര്‍ മനുഷ്യരാശിയുടെ തന്നെ ശത്രുക്കളാണ്'- മന്ത്രി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. നിലവില്‍ കേരളത്തിലാണ് മന്ത്രി.
'കഴിഞ്ഞ ദിവസം രാത്രി എന്താണ് സംഭവിച്ചതെന്ന് കാണുമ്പോൾ അത്യന്തം സങ്കടകരമാണ്. രാത്രി 10 മണിയോടെ 50 ലധികം അക്രമികൾ വീട് ആക്രമിച്ചതായാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. വീടിന്‍റെ താഴത്തെ നിലയ്ക്കും ഒന്നാം നിലയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ആരും തന്നെ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഭാഗ്യവശാല്‍ അക്രമത്തില്‍ ആര്‍ക്കും പരിക്കകളൊന്നും സംഭവിച്ചിട്ടില്ല'- കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ, മണിപ്പൂരിലെ വനിത മന്ത്രി നെംച കിപ്‌ചെന്നിന്‍റെ ഔദ്യോഗിക വസതിക്കും അക്രമകാരികള്‍ തീയിട്ടിരുന്നു. മെയ്‌തി വിഭാഗത്തില്‍പ്പെട്ടവരാണ് സംഘടിച്ചെത്തി കൃത്യം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി രാജ്‌കുമാര്‍ രഞ്ജന്‍റെ വസതിക്ക് നേരെയും ആക്രമണം ഉണ്ടായത്.
ഓരോ ദിനം പിന്നിടുമ്പോഴും മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ബുധനാഴ്‌ച (ജൂണ്‍ 14) ഈസ്റ്റ് ഇംഫാലിലെ ഖമെന്‍ലോക് മേഖലയിലെ ക്രിസ്‌ത്യന്‍ പള്ളിക്കുള്ളില്‍ വെടിവെയ്‌പ്പ് ഉണ്ടായിരുന്നു. ഇതില്‍ സ്‌ത്രീകള്‍ ഉള്‍പ്പടെ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും പതിനഞ്ചോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അക്രമം നടക്കുന്ന സമയത്ത് പള്ളിക്കുള്ളില്‍ 25ല്‍ അധികം പേര്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. പരിക്കേറ്റവരെ ഇംഫാലിലെ രാജ് മെഡിസിറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഈ സംഭവത്തില്‍ കുക്കി വിഭാഗത്തിന് പങ്കുണ്ടെന്ന സംശയത്തിലാണ് അധികൃതര്‍.
മെയ് മൂന്നിനാണ് മണിപ്പൂര്‍ സംസ്ഥാനത്ത് ആദ്യമായി സംഘര്‍ഷം ഉണ്ടായത്. അടുത്ത ദിവസം തന്നെ സ്ഥിതി കൂടുതല്‍ വഷളാകുകയും പിന്നാലെ സംസ്ഥാനത്ത് ആര്‍ട്ടിക്കിള്‍ 355 പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ചുരചന്ദപുര്‍, ഇംഫാല്‍ വെസ്റ്റ്, കാക്‌ചിങ്, തൗബാൾ, ജിരിബാം, ബിഷ്‌ണുപൂർ, കാംഗ്പോക്‌പി എന്നീ ഏഴ് ജില്ലകളിലാണ് സംഘർഷം രൂക്ഷമായത്.
സംഘര്‍ഷാവസ്ഥ രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇവിടെയെത്തി വിവിധ സമുദായ പ്രമുഖരുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. മണിപ്പൂര്‍ ഗവര്‍ണറുടെ മേല്‍നോട്ടത്തില്‍ സമാധാന സമിതി രൂപീകരിക്കണമെന്ന നിര്‍ദേശവും അദ്ദേഹം നല്‍കിയിരുന്നു.
Also Read :വീണ്ടും കലാപ കലുഷിതമായത് ഇറോമിന്‍റേയും മനോരമയുടെയും പോരാട്ടനാട്; സമാധാനം മാത്രം തേടുന്ന ഭൂമികയായി മണിപ്പൂര്‍