ന്യൂഡല്‍ഹി :കോടതി നടപടികള്‍ മണിപ്പൂരില്‍ ആക്രമണങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായുള്ള ഉപാധിയാക്കി മാറ്റരുതെന്നറിയിച്ച് സുപ്രീം കോടതി. മണിപ്പൂരിൽ നടക്കുന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയായിരുന്നു പരാമര്‍ശം. സുരക്ഷാസംവിധാനമൊരുക്കാനോ ക്രമസമാധാനപാലനമോ നടത്താൻ തങ്ങൾക്ക് കഴിയില്ല.
മണിപ്പൂരിലെ അക്രമസംഭവങ്ങളില്‍ സംസ്ഥാന സർക്കാരിന്‍റെ നടപടികൾ നിരീക്ഷിക്കാനും സ്വീകരിക്കാവുന്ന കൂടുതൽ നടപടികൾക്കായി ചില നിർദേശങ്ങൾ നൽകാനും മാത്രമേ സാധിക്കൂവെന്നും ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജസ്‌റ്റിസ് പി.എസ് നരസിംഹയും അടങ്ങുന്ന ബഞ്ച് നിരീക്ഷിച്ചു. സർക്കാർ സമർപ്പിച്ച ഏറ്റവും പുതിയ റിപ്പോർട്ടുകൾ പരിശോധിച്ചതിന് ശേഷം മണിപ്പൂരിലെ ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിന് പാര്‍ട്ടികളോട് അവരവരുടെ കാഴ്‌ചപ്പാടുകള്‍ സമര്‍പ്പിക്കാനും ബഞ്ച് ആവശ്യപ്പെട്ടു. കേസിന്‍റെ വാദം കേള്‍ക്കല്‍ കോടതി നാളത്തേക്ക് ലിസ്‌റ്റ് ചെയ്‌തു.
കോടതിയില്‍ ഇന്ന് : മണിപ്പൂര്‍ ട്രൈബല്‍ ഫോറത്തിനായി കോടതിയിലെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസും, അദ്ദേഹത്തെ അനുഗമിച്ച സത്യ മിശ്രയും മണിപ്പൂരില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അക്രമങ്ങളാണെന്ന ആരോപണം ആവര്‍ത്തിച്ചു. മാത്രമല്ല യുഎപിഎയുടെ പരിധിയില്‍ വരുന്ന ചില സായുധ സംഘങ്ങള്‍ അക്രമം ശക്തമാക്കിയിട്ടുണ്ടെന്നും അവരെ ഗോത്ര വര്‍ഗക്കാര്‍ക്കെതിരെ ഭരണകൂടം ഉപയോഗിക്കുന്നുണ്ടെന്നും ഇവര്‍ കുറ്റപ്പെടുത്തി. മെയ് പകുതിയില്‍ മരണസംഖ്യ 10 ആയിരുന്നെന്നും നിലവില്‍ 110 പേർ കൊല്ലപ്പെട്ടതായും ഇതില്‍ സന്ദേഹമുണ്ടെന്നും കോളിന്‍ ഗോണ്‍സാല്‍വസ് അറിയിച്ചു.
എന്നാല്‍ നിങ്ങളുടെ സന്ദേഹം ഞങ്ങളെ ക്രമസമാധാന പാലനത്തിലേക്ക് നയിക്കില്ലെന്ന് ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡും പ്രതികരിച്ചു. അതേസമയം പൊലീസ് സ്‌റ്റേഷനുകളിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളുടെ എണ്ണത്തെക്കുറിച്ച് മണിപ്പൂര്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടും ചീഫ് ജസ്‌റ്റിസ് ചോദ്യമെറിഞ്ഞു.
ആസൂത്രിതമെന്ന് മുഖ്യമന്ത്രി :മണിപ്പൂരിലെ കലാപത്തിന് പിന്നില്‍ രാജ്യത്തിന് പുറത്തുനിന്നുള്ള ശക്തികളുടെ പങ്കുണ്ടാകാമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് മുമ്പ് പ്രതികരിച്ചിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്‌ത കാര്യങ്ങളാണ് സംസ്ഥാനത്ത് നിലവില്‍ അരങ്ങേറുന്നതെന്നാണ് തന്‍റെ സംശയമെന്നും അദ്ദേഹം അറിയിച്ചിരുന്നു. മ്യാന്‍മറുമായി മണിപ്പൂര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ചൈനയും സംസ്ഥാനത്തിന് അടുത്താണ്. അതിര്‍ത്തിയില്‍ 398 കിലോമീറ്ററോളം പ്രദേശം പ്രത്യേകമായി കാവല്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്ത മേഖലയാണ്. അതിര്‍ത്തിയില്‍ സുരക്ഷാസേനയുടെ സാന്നിധ്യമുണ്ട്. എങ്കിലും ഇത്രയും വിശാലമായ മേഖലയില്‍ കൃത്യമായ നിരീക്ഷണം നടത്താന്‍ അവര്‍ക്കും സാധിക്കില്ല.
Also read: 'ആരുടെയും വികാരം വ്രണപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല' ; മെയ്‌തി പതാക പുതച്ചതില്‍ വിശദീകരണവുമായി ജീക്‌സണ്‍ സിങ്
ഇതെല്ലാം കൊണ്ടുതന്നെ മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങളില്‍ ബാഹ്യ ശക്തികളുടെ ഇടപെടല്‍ സ്ഥിരീകരിക്കാനോ, നിഷേധിക്കാനോ കഴിയില്ലെന്നായിരുന്നു ബിരേന്‍ സിങിന്‍റെ പ്രതികരണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും കുക്കി സഹോദരന്‍മാരോടും സഹോദരിമാരോടും ആശയവിനിമയം നടത്തിയെന്നും പഴയ കാര്യങ്ങള്‍ മറന്ന് മുന്‍പത്തെ പോലെ ജീവിക്കാമെന്ന് ടെലിഫോണ്‍ സംഭാഷണത്തിനിടെ അവര്‍ ഉറപ്പുനല്‍കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.