ഇംഫാല്‍: മണിപ്പൂരില്‍ സന്ദര്‍ശനം തുടരുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi) മൊയ്‌റാംഗിലെത്തി (Moirang). ഇംഫാലില്‍ നിന്നും ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി മൊയ്‌റാംഗിലേക്ക് പുറപ്പെട്ടത്. മൊയ്‌റാംഗിലെത്തിയ അദ്ദേഹം മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി ദുരിതബാധിതരുമായി സംവദിക്കും. മണിപ്പൂരിലെത്തിയ അദ്ദേഹം സിവില്‍ സൊസൈറ്റി അംഗങ്ങളെ കാണുകയും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്‌തിരുന്നു.
'മണിപ്പൂരിലെ അക്രമത്തിൽ പ്രിയപ്പെട്ടവരെയും വീടുമെല്ലാം നഷ്‌ടപ്പെട്ടവരുടെ അവസ്ഥ കാണുന്നതും കേൾക്കുന്നതും ഹൃദയഭേദകമാണ്. കണ്ടുമുട്ടുന്ന ഓരോരുത്തരുടെയും മുഖത്ത് സഹായത്തിന് വേണ്ടിയുള്ള നിലവിളിയുണ്ട്' എന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
ഇന്ന് മൊയ്‌റാംഗില്‍ നിന്നും തിരിക്കുന്ന അദ്ദേഹം, യുണൈറ്റഡ് നാഗ (United Naga Council - UNC) നേതാക്കളുമായും പൗരപ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. ഇംഫാലിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ച നടക്കുന്നതെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കെയ്‌ഷാം മേഘചന്ദ്ര അറിയിച്ചു.
രാവിലെ 9:30-ഓടെയാണ് രാഹുല്‍ ഗാന്ധി മൊയ്‌റാംഗില്‍ എത്തിയത്. റോഡ് മാര്‍ഗമുള്ള യാത്ര പൊലീസ് കഴിഞ്ഞ ദിവസം തടഞ്ഞ സാഹചര്യത്തില്‍ ഹെലികോപ്‌ടറിലൂടെയാണ് അദ്ദേഹം മൊയ്‌റാംഗിലേക്ക് എത്തിയത്. പിന്നാലെ, ഐഎൻഎ രക്തസാക്ഷി സമുച്ചയത്തിൽ എത്തി അദ്ദേഹം നേതാജി സുഭാഷ് ചന്ദ്രബോസിന് പുഷ്‌പാഞ്ജലി അർപ്പിച്ചിരുന്നു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ എത്തിയത്. മണിപ്പൂര്‍ സന്ദര്‍ശനത്തിന് എത്തിയ രാഹുല്‍ ഗാന്ധിയെ ഇന്നലെ (ജൂണ്‍ 29) പൊലീസ് തടഞ്ഞിരുന്നു. അക്രമ സാധ്യത മുന്നില്‍ക്കണ്ടാണ് കോണ്‍ഗ്രസ് നേതാവിന്‍റെ വാഹന വ്യൂഹത്തെ തടഞ്ഞത് എന്നായിരുന്നു ഇതില്‍ പൊലീസ് നല്‍കിയ വിശദീകരണം.
ബിഷ്‌ണൂപൂരില്‍ വച്ചായിരുന്നു കോണ്‍ഗ്രസ് നേതാവിന്‍റെ വാഹനം പൊലീസ് തടഞ്ഞത്. ഇംഫാലില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനുള്ള യാത്രയിലായിരുന്നു ഈ സമയം രാഹുല്‍ ഗാന്ധി. പൊലീസ് നടപടിയ്‌ക്ക് പിന്നാലെ അദ്ദേഹം ഇംഫാലിലേയ്‌ക്ക് തിരിക്കുകയും ചെയ്‌തിരുന്നു. ഈ സംഭവം വലിയ ചര്‍ച്ചയായതോടെ രാഹുല്‍ ഗാന്ധിക്ക് ഹെലികോപ്‌ടറില്‍ സഞ്ചരിക്കാനുള്ള അനുമതിയും പൊലീസ് നല്‍കിയിരുന്നു.
സന്ദര്‍ശനത്തില്‍ എതിര്‍പ്പില്ലെന്ന് ബിജെപി:രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹത്തെ തടഞ്ഞ പൊലീസ് നടപടിയില്‍ മണിപ്പൂരില്‍ വ്യാപക പ്രതിഷേധം ഉടലെടുത്തിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. ഇതിന് പിന്നാലെ ഇക്കാര്യത്തില്‍ പ്രതികരണവുമായി ബിജെപിയും രംഗത്തെത്തി. രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശനം നടത്തുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.
വെടിവയ്‌പ്പില്‍ ഒരു സ്ത്രീ മരിച്ചു:മണിപ്പൂരില്‍ കഴിഞ്ഞ ദിവസം അക്രമികള്‍ നടത്തിയ വെടിവയ്‌പ്പില്‍ ഒരു സ്‌ത്രീ മരിച്ചിരുന്നു. കാങ്‌പോങ്‌പി ജില്ലയിലാണ് ആക്രമണം ഉണ്ടായത്. ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലായിരുന്നു സംഭവം. അത്യാധുനിക ആയുധങ്ങളുമായെത്തിയ അക്രമികള്‍ ഗ്രാമങ്ങളില്‍ വെടിവയ്‌പ്പ് നടത്തുകയായിരുന്നു. ഈ സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
More Read :Manipur Violence | മണിപ്പൂരിലുണ്ടായ വെടിവയ്‌പ്പില്‍ സ്‌ത്രീ മരിച്ചു ; സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്