ന്യൂഡല്‍ഹി:മണിപ്പൂരിലെ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനത്തെ ചോദ്യം ചെയ്‌ത് സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഒക്രം ഇബോബി സിങ്. മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രി മൗനിയാണെന്നും മണിപ്പൂര്‍ ഇന്ത്യയില്‍ തന്നെയുള്ളതല്ലേ എന്നും അദ്ദേഹം ചോദ്യമെറിഞ്ഞു. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണാനായി തിരിച്ച പ്രതിനിധി സംഘത്തിന് എട്ട് ദിവസം കഴിഞ്ഞും അതിന് അനുമതി ലഭിക്കാതെ വന്നതിലും അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.
പ്രതികരണം ഇങ്ങനെ: സംസ്ഥാനത്തെ നിലവിലുള്ള സാഹചര്യത്തെ ഞങ്ങള്‍ രാഷ്‌ട്രീയവത്കരിക്കുകയല്ല. മണിപ്പൂരില്‍ ആദ്യം സമാധാനം കൊണ്ടുവരണം. എന്നിട്ടാവാം രണ്ട് വിഭാഗങ്ങളുമായുള്ള ചര്‍ച്ചകളെന്നും ഒക്രം ഇബോബി സിങ് ന്യൂഡല്‍ഹിയില്‍ പറഞ്ഞു. ജൂണ്‍ 20 ന് വിദേശ പര്യടനത്തിനായി തിരിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി തങ്ങള്‍ക്ക് സമയം അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂണ്‍ 10 നാണ് ഞങ്ങള്‍ പ്രധാനമന്ത്രിയെ കാണുന്നതിനായി സമയം ചോദിച്ച് കത്തെഴുതുന്നത്. എന്നാല്‍ ഇന്നുവരെ ഞങ്ങള്‍ക്ക് പ്രധാനമന്ത്രി സമയം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 44 ദിവസത്തിലേറെയായി മണിപ്പൂർ കത്തുകയാണ്. പക്ഷേ പ്രധാനമന്ത്രി ഒരു പ്രസ്‌താവന പോലും ഇറക്കിയില്ല. മണിപ്പൂർ ഇന്ത്യയിലാണോ അല്ലയോ എന്ന് ചോദിക്കാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുന്നുവെന്നും ഒക്രം ഇബോബി സിങ് ആഞ്ഞടിച്ചു. ഇതിനെക്കുറിച്ച് ഒരു ട്വീറ്റ് പോലും പ്രധാനമന്ത്രി കുറിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'പ്രധാനമന്ത്രിയുടെ സമയം' കാത്ത്: കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, എഎപി, ശിവസേന (ഉദ്ധവ് താക്കറെ), ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്‌പി, സിപിഐ, സിപിഎം എന്നിവരുള്‍പ്പടെ 10 പ്രതിപക്ഷ പാര്‍ട്ടികളാണ് മണിപ്പൂര്‍ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് ധരിപ്പിക്കാന്‍ അവസരം കാത്ത് കഴിഞ്ഞ ഒരാഴ്‌ചയിലധികമായി രാജ്യതലസ്ഥാനത്ത് തുടരുന്നത്. വിഷയം രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനെ നേരിട്ട് കണ്ട് ശ്രദ്ധയില്‍പെടുത്താനും സംഘം ഉദ്യേശിക്കുന്നുണ്ട്.
തീവെപ്പ്, കൊലപാതകങ്ങൾ, സംഘർഷങ്ങൾ തുടങ്ങി സ്ഥിതിഗതികൾ അസ്ഥിരമായി തുടരുന്ന മണിപ്പൂരില്‍ ഇതിനോടകം സ്‌ത്രീകളും കുട്ടികളും ഉള്‍പ്പടെ 20,000 ത്തിലധികം ആളുകൾ മണിപ്പൂരിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.
വിടാതെ കോണ്‍ഗ്രസും:അതേസമയം മണിപ്പൂരിലെ സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ നിഷ്‌ക്രിയമായ സമീപനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയായി ഉപമിച്ചായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജയ്‌റാം രമേശിന്‍റെ പ്രതികരണം. 2001 ജൂൺ 18 ന് മണിപ്പൂരിൽ നാഗാ സമാധാന പ്രക്രിയയെച്ചൊല്ലിയുള്ള സംഘര്‍ങ്ങളുടെ സമയം. ഏതാണ്ട് 14 പേര്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അടുത്ത ആറ് ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി മണിപ്പൂരിൽ നിന്നുള്ള പ്രതിനിധി സംഘത്തെ കാണുകയും സംസ്ഥാനത്തെ സാധാരണ നിലയിലാക്കുകയും ചെയ്‌തു. എന്നാല്‍ എട്ട് ദിവസത്തിലേറെയായി മണിപ്പൂരിൽ നിന്നുള്ള 10 കക്ഷികളുടെ പ്രതിനിധി സംഘം പ്രധാനമന്ത്രിയുടെ സമയത്തിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരാജയം സംഭവിച്ചയിടത്തെല്ലാം പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read: Manipur Violence| പള്ളിയ്‌ക്കുള്ളില്‍ വെടിവയ്‌പ്പ്, 9 പേര്‍ കൊല്ലപ്പെട്ടു; വീണ്ടും കലുഷിതമായി മണിപ്പൂര്‍