ഇംഫാൽ :സംഘർഷ ബാധിത പ്രദേശമായ മണിപ്പൂരിൽ ഇന്ന് ഉണ്ടായ വെടിവയ്‌പ്പിൽ ഒരു സ്‌ത്രീ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. സുരക്ഷ ഉദ്യോഗസ്ഥരുടെ വേഷം ധരിച്ചെത്തിയ ഒരു സംഘം വിമതർ ഗ്രാമവാസികൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. അക്രമം പൊട്ടിപ്പുറപ്പെട്ട കാങ്പോക്‌പിക്കിനും ഇംഫാൽ വെസ്റ്റ് ജില്ലയ്ക്കും ഇടയിലുള്ള ഖോക്കർ ഗ്രാമത്തിലാണ് വെടിവയ്‌പ്പ് ഉണ്ടായത്.
വിമതർ മെയ്തേയ് സമുദായത്തിൽ നിന്നുള്ളവരാണെന്നാണ് വിവരം. വെടിയൊച്ച കേട്ട് ഗ്രാമത്തിൽ പതിവ് പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷ സേന സ്ഥലത്തേക്കെത്തിയെങ്കിലും വിമത സംഘം അപ്പോഴേക്കും അവിടെ നിന്ന് കടന്നിരുന്നു. തുടർന്ന് പ്രദേശത്ത് മണിപ്പൂർ പൊലീസിന്‍റെയും അസം റൈഫിൾസിന്‍റെയും നേതൃത്വത്തിൽ സംയുക്‌തമായി തെരച്ചിലും നടത്തി.
അതേസമയം മണിപ്പൂർ കലാപം അന്വേഷിക്കാൻ സിബിഐ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകളും സിബിഐ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നല്‍കും. നേരത്തെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തിരുന്നു.
ജൂണ്‍ ആറിന് നടന്ന സംഘർഷത്തിൽ ഒരു ബിഎസ്‌എഫ് ജവാൻ കൊല്ലപ്പെടുകയും രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. മണിപ്പൂരിലെ കക്‌ചിങ് ജില്ലയിലെ സെറോ സുഗ്നു മേഖലയിൽ സുരക്ഷ സേനയും ഒരു സംഘം വിമതരും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയും വിമതരുടെ സംഘം സുരക്ഷ സേനയ്‌ക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു.
അതേസമയം കലാപത്തിൽ ഇതുവരെ 100ഓളം പേർ കൊല്ലപ്പെട്ടതായാണ് വിവരം. 300ൽ അധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. 4000ൽ അധികം കേസുകളും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അടുത്തിടെ സംഘർഷങ്ങൾക്ക് അയവ് വരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂർ സന്ദർശിച്ചിരുന്നു.