ഇംഫാൽ : മണിപ്പൂരിലെ നോനി ജില്ലയിൽ റെയിൽവേ നിർമാണ സൈറ്റിലുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് മരണം. ബുധനാഴ്‌ച രാത്രിയോടെയാണ് ടുപുൾ യാർഡ് റെയിൽവേ കൺസ്ട്രക്ഷൻ ക്യാമ്പിന് സമീപം അപകടം സംഭവിച്ചത്. റെയിൽ പാത നിർമാണത്തിനായി എത്തിയ സൈനികർ തങ്ങിയ ക്യാമ്പിനടുത്താണ് അപകടം ഉണ്ടായത്.
45 ഓളം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രദേശത്ത് തുടരുന്ന കനത്ത മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മഴ ശക്‌തിപ്രാപിക്കുന്നതിനാൽ പ്രദേശത്തുള്ളവർക്ക് നോനി ഡെപ്യൂട്ടി കമ്മിഷണർ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
'ടുപുൾ യാർഡ് റെയിൽവേ കൺസ്ട്രക്ഷൻ ക്യാമ്പിൽ ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ആളപായങ്ങൾ റിപ്പോർട്ട് ചെയ്യുകയും ഡസൻ കണക്കിന് പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നുണ്ട്. മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ അവശിഷ്‌ടങ്ങളാൽ ഇജെയ് നദിയുടെ ഒഴുക്കും തടസപ്പെട്ടിട്ടുണ്ട്. ഇതിനാൽ തന്നെ താഴ്‌ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ട്.
ഈ അവസ്ഥയ്‌ക്ക് ഉടൻ പരിഹാരം കാണാനാകാത്തതിനാൽ പൊതുജനങ്ങൾ സ്വയം മുൻകരുതൽ സ്വീകരിക്കണമെന്ന് അറിയിക്കുന്നു'. ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു. അതേസമയം സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി എൻ ബിരേൻ സിങ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും എൻഡിആർഎഫും എസ്‌ഡിആർഎഫും സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.