ഇംഫാല്‍: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങളുടെ ഭാഗമായി ആയുധം താഴെവച്ച് കീഴടങ്ങി മെയ്‌തേയ് വിമതർ (Meitei Rebel Group Surrendered). മണിപ്പൂരിലെ പ്രധാന സായുധ വിമത സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടാണ് സർക്കാരുമായി സമാധാന കരാർ ഒപ്പുവച്ചത് (Manipur Rebel Group UNLF Signs Peace Pact With Govt). കരാറിൽ ഒപ്പുവച്ചശേഷം സംഘടനയിലെ അംഗങ്ങൾ തങ്ങളുടെ ആയുധങ്ങൾ സൈന്യത്തിന് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah) ഇതിന്‍റെ വീഡിയോ അദ്ദേഹത്തിന്‍റെ ഔദ്യോഗിക എക്‌സ് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
സായുധ സംഘം അക്രമം ഉപേക്ഷിച്ച് സമാധാന കരാറിൽ ഒപ്പിട്ടത് ചരിത്രപരമായ നാഴികക്കല്ലാണെന്ന് അമിത് ഷാ എക്‌സില്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോക്കൊപ്പം കുറിച്ചു. വടക്കുകിഴക്കൻ മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള മോദി സർക്കാരിന്‍റെ (Narendra Modi Govt) നടപടി ചരിത്രത്തില്‍ പുതിയ അധ്യായം കൂട്ടിച്ചേർത്തതായും അദ്ദേഹം പറഞ്ഞു. 'മണിപ്പൂരിലെ താഴ്വര ആസ്ഥാനമായുള്ള ഏറ്റവും പഴയ സായുധ സംഘമായ യുഎന്‍എല്‍എഫ് അക്രമം ഉപേക്ഷിച്ച് മുഖ്യധാരയില്‍ ചേരാന്‍ സമ്മതിച്ചു. ജനാധിപത്യ പ്രക്രിയകളിലേക്ക് ഞാന്‍ അവരെ സ്വാഗതം ചെയ്യുന്നു, സമാധാനത്തിന്‍റെയും പുരോഗതിയുടെയും പാതയിലൂടെയുള്ള അവരുടെ യാത്രയില്‍ എല്ലാ ആശംസകളും നേരുന്നു.'- അമിത് ഷാ എക്‌സില്‍ കുറിച്ചു.
മെയ് 3 ന് സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഒരു നിരോധിത സംഘടന സര്‍ക്കാരുമായി സമാധാന കരാർ ഒപ്പിടുന്നത്. യുഎപിഎ നിയമപ്രകാരം സംഘടനയുടെ നിരോധനം അഞ്ച് വർഷത്തേക്കുകൂടി നീട്ടിയതിന് പിന്നാലെയാണ് ഇവർ സമാധാന ചർച്ചയ്ക്ക് തയ്യാറായത്.
Also Read:Manipur Violence| കൈവിട്ട് പോകുന്ന സംഘർഷം? മണിപ്പൂരിലേക്ക് നുഴഞ്ഞ് കയറാൻ വിമത സംഘങ്ങളും; ഞെട്ടിക്കുന്ന ഇന്‍റലിജൻസ് റിപ്പോർട്ട്
ഒൻപത് സംഘടനകൾക്ക് വിലക്ക്: നവംബർ 13 ന് ആണ് യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് ഉൾപ്പെടെ ഒൻപത് മെയ്‌തേയി സംഘടനകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതും സുരക്ഷാസേനയ്‌ക്കെതിരെ ആക്രമണം നടത്തിയതും കണക്കിലെടുത്ത് യുഎപിഎ (UAPA) നിയമത്തിന്‍റെ കീഴില്‍ അഞ്ച് വർഷത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത് (Central Govt Bans 9 Meitei Extremist Groups Of Manipur). ഈ സംഘടനകള്‍ രാജ്യത്തിന്‍റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരെ പ്രവര്‍ത്തിക്കുന്നതായും നിരോധന ഉത്തരവില്‍ ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും ഇതിന്‍റെ രാഷ്ട്രീയ വിഭാഗമായ റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ടും, യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടും ഇതിന്‍റെ സായുധ വിഭാഗമായ മണിപ്പൂര്‍ പീപ്പിള്‍സ് ആര്‍മിയും, പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി ഓഫ് കാംഗ്ലീപാകും ഇവരുടെ സായുധ വിഭാഗമായ റെഡ് ആര്‍മിയും, കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്‍റെ സായുധ വിഭാഗമായ റെഡ് ആര്‍മിയും, കംഗ്ലേയ് യോള്‍ കന്‍ബ ലുപ്, കോര്‍ഡിനേഷന്‍ കമ്മിറ്റി, അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ് യൂണിറ്റി കംഗ്ലീപാക്, അവരുടെ മുന്നണി സംഘടനകള്‍ എന്നിവയുമാണ് നിരോധിക്കപ്പെട്ടവ.
Also Read:Kukis Demanded Puducherry Model Union Territory പുതുച്ചേരി മോഡലിൽ കേന്ദ്രഭരണ പ്രദേശം വേണം; കേന്ദ്രത്തോട് ആവശ്യമറിയിച്ച് കുക്കി സമുദായക്കാർ
ഈ സംഘടനകള്‍ സായുധ സമരത്തിലൂടെ മണിപ്പൂരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനും, ഇതിന് മണിപ്പൂരിലെ തദ്ദേശീയരെ പ്രേരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. മെയ്തേയ് തീവ്രവാദ സംഘടനകളെ ഉടനടി തടയുകയും നിയന്ത്രിക്കുകയും ചെയ്‌തില്ലെങ്കിൽ മണിപ്പൂരില്‍ വിഘടനവാദ, തീവ്രവാദ, അക്രമ പ്രവർത്തനങ്ങൾ വർധിപ്പിക്കാന്‍ തങ്ങളുടെ കേഡർമാരെ അണിനിരത്താൻ ഇവർ അവസരം ഉപയോഗിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.