ഇംഫാല്‍: മണിപ്പൂരിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ശാഖയിൽ വൻ കവർച്ച. ഉഖ്രുൽ ജില്ലയിലെ ബാങ്കിന്റെ ശാഖയിൽ നിന്ന് 18.80 കോടി രൂപയാണ് കൊള്ളയടിച്ചത്. മുഖംമൂടി ധരിച്ച സായുധ സംഘമാണ് വ്യാഴാഴ്ച (30.11.23) വൈകിട്ട് ഉഖ്രുൾ ജില്ലയിൽ കറൻസി ചെസ്റ്റ് ശാഖയില്‍ കവർച്ച നടത്തിയത്.
മുഖം മൂടി ധരിച്ചെത്തി ബാങ്കില്‍ നിന്ന് കവർന്നത് 18 കോടിയിലധികം - മണിപ്പൂരിലെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിൽ വൻ കവർച്ച
മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 80 കിലോമീറ്റർ അകലെ ഉഖ്രുൾ ജില്ലയിലെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലാണ് വൻ കവർച്ച നടന്നത്.
Published : Dec 1, 2023, 10:21 AM IST
മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് വൻ കവർച്ച നടന്നത്. വേഷംമാറി യൂണിഫോമിൽ എത്തിയ അക്രമികൾ ജീവനക്കാരെയും സെക്യൂരിറ്റി ജീവനക്കാരെയും ഭീഷണിപ്പെടുത്തി ബാങ്കിന്റെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയതെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ പൊലീസിനോട് പറഞ്ഞത്.
ബാങ്കിലെ മുതിർന്ന ജീവനക്കാരിൽ ഒരാളെ തോക്കിന് മുനയിൽ നിർത്തി ലോക്കർ തുറന്ന് പണം കൊള്ളയടിക്കുകയായിരുന്നു. ബാങ്ക് ജീവനക്കാർ ഉഖ്രുല്‍ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാൻ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു തുടങ്ങി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.