ഇംഫാല്‍: മണിപ്പൂര്‍ കലാപത്തിനിടെ സ്‌ത്രീകളെ നഗ്‌നരായി നടത്തി, പിന്നാലെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട് അഞ്ചാം പ്രതിയെയും അറസ്‌റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. 19 വസുള്ള പ്രതിയെയാണ് അറസ്‌റ്റ് ചെയ്‌തത്. മെയ് നാലിന് നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി അറസ്‌റ്റ് ചെയ്‌ത നാല് പ്രതികളും 11 ദിവസത്തെ പൊലീസ് കസ്‌റ്റഡിയില്‍ തുടരുകയാണ്.
ജൂലൈ 19ന് 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ അറസ്‌റ്റ് ചെയ്യാന്‍ ആരംഭിച്ചത്. പൊലീസ് അറസ്‌റ്റ് ചെയ്‌ത് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം സംഭവത്തിലെ മുഖ്യപ്രതിയുടെ വീട് ആക്രമിക്കപ്പെട്ടിരുന്നു. യുവതികളെ നഗ്‌നരാക്കി നടത്തിയതില്‍ നേതൃത്വം നല്‍കിയത് ഇയാളെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
മുഖ്യപ്രതിയുടെ പേര് പുറത്തുവിട്ട് പൊലീസ്:പേച്ചി അവാങ് ലെയ്‌കായി സ്വദേശിയായ ഹുയിറെ ഹെറോദാസ് മെയ്‌തി എന്ന 32കാരനെയാണ് കേസിലെ മുഖ്യപ്രതി. ഇയാളെ തൗബില്‍ ജില്ലയില്‍ നിന്നാണ് പിടികൂടിയത്. വീഡിയോയില്‍ സ്‌ത്രീകളെ ആക്രമിക്കുന്ന പ്രതികളില്‍ പച്ച നിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ചിരുന്നയാളാണ് പിടിയിലായ ഹെറോദാസ് എന്ന് പൊലീസ് അറിയിച്ചു.
കാര്‍ഗില്‍ യുദ്ധത്തിലടക്കം പോരാടിയ ഇന്ത്യന്‍ സൈനികനും അസം റൈഫിളിലെ സുബേദാറുമായിരുന്ന വിമുക്ത ഭടന്‍റെ ഭാര്യയാണ് പ്രതികള്‍ നഗ്നരാക്കി നടത്തിയ സ്‌ത്രീകളിലൊരാള്‍. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളെ തുടര്‍ന്ന് കാങ്പോപ്പി ജില്ലയിലെ സൈകുള്‍ പൊലീസ് സ്‌റ്റേഷനില്‍ ജൂണ്‍ 21ന് പരാതി നല്‍കിയിരുന്നു എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, മെയ് നാലിന് സ്‌ത്രീകളെ നഗ്നരാക്കി നടത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് തന്‍റെ സഹോദരിയെ ബലാത്സംഗം ചെയ്യുന്നതില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച ഒരാളെ ജനക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.
സ്‌ത്രീകളെ നഗ്നരായി പൊതുമാധ്യമങ്ങളിലൂടെ നടത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ജൂലൈ 20ന് മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലി നടന്നു.
പൊലിഞ്ഞത് 160 ജീവന്‍:മെയ് മൂന്നിന് ആരംഭിച്ച മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് ഏകദേശം 160ല്‍ അധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. മണിപ്പൂരിലെ ജനസംഖ്യയുടെ ഏകദേശം 53 ശതമാനവും താമസിക്കുന്ന ഇംഫാൽ താഴ്‌വരയിലാണ് കലപാം രൂക്ഷമായത്. നാഗ, കുക്കി ഗോത്രവർഗക്കാർ 40 ശതമാനവും മലയോര ജില്ലകളിലാണ് കൂടുതലും താമസിക്കുന്നത്. മെയ്‌തി വിഭാഗത്തെ പട്ടികവർഗ (എസ്‌ടി) വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരായി ആദിവാസി ഐക്യദാർഢ്യ മാർച്ച് സംഘടിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്.
അപലപിച്ച് കെസിബിസി:അതേസമയം, മണിപ്പൂര്‍ മുഖ്യമന്ത്രിക്കും കേന്ദ്ര സർക്കാറിനുമെതിരെ കെസിബിസി വിമര്‍ശനമുന്നയിച്ചു. മണിപ്പൂരില്‍ സ്ത്രീത്വം അപമാനിക്കപ്പെടുകയാണന്നും സര്‍ക്കാര്‍ നിഷ്‌ക്രിയത്വം വെടിയണമെന്നും കെസിബിസി ആവശ്യപ്പെട്ടു. ഇന്ത്യന്‍ സ്ത്രീത്വം അപമാനിതമാകുന്നില്ലായെന്ന് ഉറപ്പുവരുത്തേണ്ട കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്രിയത്വം വെടിഞ്ഞ് ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
ജനാധിപത്യ രാജ്യത്ത് ക്രമസമാധാനം ഉറപ്പുവരുത്താന്‍ കോടതികളല്ല തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളാണ് നടപടികള്‍ സ്വീകരിക്കേണ്ടതെന്ന് കെസിബിസി പ്രസ്‌താവനയില്‍ അറിയിച്ചു. സര്‍ക്കാര്‍ നടപടി എടുക്കാതിരുന്നാല്‍ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരും എന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയിരിക്കുന്നു. അത്രമാത്രം, നിഷ്‌ക്രിയത്വമാണ് മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വച്ചുപുലര്‍ത്തുന്നത്. ഇന്ത്യയിലെ സ്ത്രീ സമൂഹത്തെ ലോകത്തിന്‍റെ മുന്നില്‍ അപമാനിച്ച കലാപകാരികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.