ഇംഫാല്‍: പഠിക്കാനുള്ള അതിയായ ആഗ്രഹം, മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ സഹോദരിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം.. ഇതു രണ്ടും എങ്ങനെ ഒന്നിച്ച് കൊണ്ടുപോകുമെന്ന് ചിന്തിച്ചിട്ടുണ്ടോ.. അധികം ചിന്തിച്ച് തലപുകയ്‌ക്കേണ്ടെന്ന് മണിപ്പൂരില്‍ നിന്നുള്ള ഈ പെൺകുട്ടി ലോകത്തോട് വിളിച്ച് പറയുന്നുണ്ട്. മണിപ്പൂര്‍ വൈദ്യുതി, പരിസ്ഥിതി മന്ത്രി തോങം ബിസ്വജിത്ത് സിങ് ട്വീറ്റ് ചെയ്ത ചിത്രമാണിത്.
മണിപ്പൂരിലെ തമേങ്‌ലോങില്‍ മെയ്‌നിംഗ്‌സിൻലിയു പമേയ് എന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലുള്ളത്. മാതാപിതാക്കള്‍ കൃഷി പണിക്ക് പോയതോടെ പഠനത്തിനായി സ്‌കൂളില്‍ പോവുകയെന്നത് പമേയ്ക്ക് ബുദ്ധിമുട്ടായി. എങ്കിലും പഠനം പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ അവള്‍ക്ക് മനസ്സ് വന്നില്ല.
അനിയത്തിയായ കൊച്ചു കുഞ്ഞിനെയും കൊണ്ട് മെങ്‌ലോംഗ് ജില്ലയിലെ ഡെയ്‌ലോംഗ് പ്രൈമറി സ്‌കൂളിലെ പടികള്‍ കയറി. ക്ലാസ് തുടങ്ങുമ്പോള്‍ അനിയത്തിയെ മടിയിലിരുത്തി ക്ലാസ്സുകളെല്ലാം ശ്രദ്ധയോടെ കേട്ടിരിക്കും. ടീച്ചര്‍ പറയുന്ന കാര്യങ്ങൾ കുറിച്ചിടാനും അവള്‍ മറക്കുന്നില്ല. അപ്പോഴും ഇടത് കൈ കൊണ്ട് അവള്‍ അനിയത്തിയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിട്ടുള്ളതും ചിത്രത്തില്‍ നിന്ന് വ്യക്തമായി കാണാനാവും.