ഇംഫാല്‍ : അവസാനഘട്ട നിയമസഭ തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കി മണിപ്പൂര്‍. 76.04 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചു. ആറ് ജില്ലകളിലായി 22 മണ്ഡലങ്ങളിലെ ജനങ്ങളാണ് ശനിയാഴ്‌ച വിധിയെഴുതിയത്.
പോളിങ് കുറവ് തമെങ്‌ലോങില്‍
കനത്ത സുരക്ഷയും ശക്തമായ കൊവിഡ് പ്രോട്ടോക്കോളും പാലിച്ചാണ് സംസ്ഥാനത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ഫെബ്രുവരി 28 നായിരുന്നു ഒന്നാം ഘട്ടം. സേനാപതി ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ഇവിടെ മൂന്ന് നിയമസഭ മണ്ഡലങ്ങളാണുള്ളത്.
തൗബല്‍ ജില്ലയില്‍ 10 മണ്ഡലങ്ങളാണുള്ളത്. മൂന്ന് മണ്ഡലങ്ങളുള്ള ഉഖ്രുൽ, ചന്ദേൽ ജില്ലകളിൽ യഥാക്രമം 71.57, 76.71 എന്നിങ്ങനെയാണ് വോട്ടിങ് രേഖപ്പെടുത്തിയത്. മൂന്ന് മണ്ഡലങ്ങളുള്ള തമെങ്‌ലോങ് ജില്ലയിലാണ് ഏറ്റവും കുറവ് പോളിങ്. ഇവിടെ 66.40 ശതമാനമണ് രേഖപ്പെടുത്തിയത്. ഒരു മണ്ഡലം മാത്രമുള്ള ഏറ്റവും ചെറിയ ജില്ലയായ ജിരിബാമിൽ 75.02 ശതമാനവും പോളിങ് രേഖപ്പെടുത്തുകയുണ്ടായി.