ഇംഫാൽ:സംസ്ഥാനത്ത് സർക്കാർ രൂപീകരണത്തിന് ആവശ്യമായ സീറ്റുകൾ ബിജെപിക്ക് ലഭിക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്. മണിപ്പൂരിലെ വിജയത്തിന് ജനങ്ങൾക്കും എല്ലാ ബിജെപി പ്രവർത്തകർക്കും നന്ദി അറിയിച്ച അദ്ദേഹം, സംസ്ഥാനത്ത് ബിജെപി സ്വന്തം സർക്കാർ രൂപീകരിക്കുമെന്നും പറഞ്ഞു. 2002 മുതൽ നിലനിർത്തിപ്പോരുന്ന ഹീൻഗാങ് മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അഞ്ചാം തവണയും വിജയിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം 2017ൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയോടൊപ്പം സഖ്യം ചേർന്ന നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ഇത്തവണ തങ്ങളുടെ ഭാഗമാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. നാഗാ പീപ്പിൾ ഫ്രണ്ടിൽ (എൻപിഎഫ്) നിന്നും തങ്ങൾക്ക് യാതൊരു എതിർപ്പുമില്ല. അതിനാൽ എൻപിഎഫുമായുള്ള സഖ്യ ധർമ്മം തുടരുമെന്നും ബിരേൻ സിങ് കൂട്ടിച്ചേർത്തു.