ഇംഫാൽ:മണിപ്പൂർ മുഖ്യമന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ എൻ ബിരേൻ സിങ്ങിന് വൻ ഭൂരിപക്ഷത്തില്‍ ജയം. 2002 മുതൽ ഹീൻഗാങ് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന അദ്ദേഹം, തുടർച്ചയായ അഞ്ചാം തവണയും മണ്ഡലം നിലനിർത്തി. 18,000ലധികം വോട്ടുകളുടെ കനത്ത ഭൂരിപക്ഷത്തിൽ വിജയിച്ച ബിരേൻ സിങ്, കോൺഗ്രസിന്‍റെ പംഗേജം ശരത്ചന്ദ്ര സിങ്ങിനെയാണ് മലർത്തിയടിച്ചത്.
കായികം, മാധ്യമപ്രവർത്തനം...ശേഷം രാഷ്‌ട്രീയം
മുൻ ഫുട്‌ബോൾ താരവും പത്രപ്രവർത്തകനുമായിരുന്ന ബിരേൻ സിങ്, 2002ൽ മണിപ്പൂരിലെ പ്രാദേശിക രാഷ്‌ട്രീയ പാർട്ടിയായ ഡെമോക്രാറ്റിക് റെവല്യൂഷണറി പീപ്പിൾസ് പാർട്ടിയിൽ ചേർന്നുകൊണ്ടാണ് രാഷ്‌ട്രീയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അതേ വർഷം തന്നെ, പാർട്ടി വിട്ട് ഭരണകക്ഷിയായ കോൺഗ്രസില്‍ ചേക്കേറിയ അദ്ദേഹം, അന്നത്തെ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ വിജിലൻസ് മന്ത്രിയായി സ്ഥാനമേറ്റു.
രാഷ്‌ട്രീയത്തിൽ ചേരുന്നതിന് മുമ്പ് ഫുട്‌ബോളിൽ ബിരേൻ സിങ് പ്രഗത്ഭനായിരുന്നു. സ്‌പോർട്‌സ് ക്വാട്ടയിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ (ബിഎസ്‌എഫ്) ചേർന്നിരുന്നുവെങ്കിലും പിന്നീട് പത്രപ്രവർത്തനത്തിനായി ജോലി ഉപേക്ഷിച്ചു. തുടർന്ന് 1992ൽ നഹറോൾഗി തൗഡങ് എന്ന പ്രാദേശിക പത്രം വിജയകരമായി ആരംഭിക്കുകയും 2001 വരെ അതിൽ എഡിറ്ററായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു.