ഇംഫാൽ : മണിപ്പൂരിൽ ഏതാനും ആഴ്‌ചകളായി നടക്കുന്ന സംഘർഷത്തിൽ 40 ഓളം അക്രമികളെ വധിച്ചതായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. മണിപ്പൂരിലുടനീളം അര ഡസനിലധികം സ്ഥലങ്ങളിൽ സായുധ സംഘങ്ങളും സുരക്ഷ സേനയും തമ്മിൽ ഇന്ന് ഏറ്റുമുട്ടൽ നടന്നു. സിവിലിയൻ ജനതയ്‌ക്കെതിരെ അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കുന്ന 40 കുകി 'തീവ്രവാദികൾ' ആണ് സംഘർഷത്തിൽ കൊല്ലപ്പെട്ടവർ.
ഏതാനും പേരെ സുരക്ഷ സേന അറസ്‌റ്റ് ചെയ്‌തിട്ടുണ്ടന്നും ബിരേൻ സിങ് പറഞ്ഞു. എകെ-47, എം-16, സ്‌നൈപ്പർ റൈഫിളുകൾ എന്നിവ ഉപയോഗിച്ച് സായുധരായ തീവ്രവാദികൾ സാധാരണക്കാർക്ക് നേരെ വെടിയുതിർത്ത സംഭവങ്ങളുണ്ടായി. ഇവർക്കെതിരെ പ്രത്യാക്രമണം നടത്താനാണ് സുരക്ഷ സേന ശ്രമിക്കുന്നത്. പൊതു ജനങ്ങൾ ഇതിന് തടസം സൃഷ്‌ടിക്കരുത്.
സംസ്ഥാനത്തെ ശിഥിലമാക്കാൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല. സാധാരണക്കാരെ കൊല്ലുന്നതിലും സ്വത്ത് നശിപ്പിക്കുന്നതിലും വീടുകൾ കത്തിക്കുന്നതിലും ഉൾപ്പെട്ട നിരവധി കുക്കി തീവ്രവാദികളെ ജാട്ട് റെജിമെന്‍റ് പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമാധാനം പുനസ്ഥാപിക്കുന്നതിനായി സുരക്ഷ സൈന്യം പരിശ്രമിക്കുന്നതിനിടെയാണ് ഏറ്റവും പുതിയ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുള്ളത്. ഇംഫാൽ വെസ്റ്റിലെ ഉറിപോക്കിലുള്ള ബിജെപി എം എൽ എയുടെ വീട് തകർക്കുകയും അദ്ദേഹത്തിന്‍റെ രണ്ട് വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്‌തതായി വിവരം ലഭിച്ചതായി സുരക്ഷ ഉദ്യോഗസ്ഥൻ പറഞ്ഞു.
പലയിടത്തും വെടിവയ്‌പ്പ് തുടരുന്നു : ഇംഫാൽ താഴ്‌വരയ്‌ക്ക് ചുറ്റുമുള്ള വിവിധ ജില്ലകളിലെ പലയിടത്തും പുലർച്ചെ സംഘർഷമുണ്ടായി. കാക്‌ചിംഗിലെ സുഗ്‌നു, ചുരാചന്ദ്‌പൂരിലെ കാങ്‌വി, ഇംഫാൽ വെസ്റ്റിലെ കാങ്‌ചുപ്പ്, ഇംഫാൽ ഈസ്റ്റിലെ സഗോൾമാംഗ്, ബിഷെൻപൂരിലെ നുങ്കോപോക്‌പി, ഇംഫാലിലെ ഖുർഖുൽ, കാങ്‌പോക്‌പിയിലെ വൈകെപിഐ എന്നിവിടങ്ങളിൽ നിന്ന് വെടിവയ്‌പ്പ് നടന്നതായി റിപ്പോർട്ട് ചെയ്‌തെന്നും സുരക്ഷ ഉദ്യോഗസ്ഥൻ പറഞ്ഞു.