ഇംഫാൽ:അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ നിർണായക ഫലം അറിയാൻ ഏതാനും മണിക്കൂറുകൾ മാത്രം. എട്ട് മണി മുതലാണ് പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങുക. ഹിന്ദിഹൃദയഭൂമിയായ ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളോടൊപ്പം മണിപ്പൂരും നിർണായക ജനവിധിയിലേക്ക് ഉറ്റുനോക്കുകയാണ്.
മണിപ്പൂരിലെ 60 മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യ ഘട്ടത്തിൽ 38 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിൽ 22 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. 265 സ്ഥാനാർഥികളുടെ വിധി നിർണയിക്കുന്നതിനായി 1,247 പോളിങ് സ്റ്റേഷനുകളിലായി 8.38 ലക്ഷം വോട്ടർമാർ തങ്ങളുടെ ജനാധിപത്യാവകാശം വിനിയോഗിച്ചു.
അതേസമയം മണിപ്പൂരിൽ ബിജെപിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ സർവേ ഫലങ്ങൾ പ്രവചിക്കുന്നത്. നിലവിൽ രാജ്യം ഉറ്റുനോക്കുന്ന വോട്ടെണ്ണൽ സംസ്ഥാനത്തിന് മാത്രമല്ല, വടക്കുകിഴക്കൻ മേഖലയിലാകെ പ്രാധാന്യമർഹിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം അടുത്ത വർഷം നടക്കാനിരിക്കുന്ന മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളെ ബാധിക്കുന്നതോടൊപ്പം തന്നെ, 2016 മുതൽ ശക്തിപ്രാപിച്ചുവരുന്ന മേഖലയിലെ ബിജെപി പാർട്ടിയുടെ സാധ്യതയെ രൂപപ്പെടുത്തുകയും ചെയ്യുന്നതാണ്.
ഭരണത്തുടർച്ച പ്രതീക്ഷിച്ച് ബിജെപി
പ്രാദേശിക പാർട്ടികളുടെ സഹായത്തോടെ 2016ൽ അസമിൽ ആദ്യമായി അധികാരത്തിലെത്തിയ ബിജെപി, 2017ലാണ് മണിപ്പൂരിൽ അധികാരം സ്ഥാപിക്കുന്നത്. അഞ്ച് വർഷം പിന്നിടുമ്പോൾ, മണിപ്പൂർ ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലെയും പ്രാദേശിക പാർട്ടികളുമായുള്ള ബിജെപിയുടെ സഖ്യബന്ധം തകർന്ന അവസ്ഥയിലാണ്. ഏറ്റവും ഒടുവിലായി നടന്ന മണിപ്പൂർ തെരഞ്ഞെടുപ്പിൽ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) എന്നിവയുമായി വേർപിരിഞ്ഞ ബിജെപി, സ്വതന്ത്രമായി പാർട്ടി സ്ഥാനാർഥികളെ നിർത്തി. അതേസമയം എൻപിപിയും എൻപിഎഫും ബിജെപിക്കെതിരെ സ്ഥാനാർഥികളെ നിർത്തുക മാത്രമല്ല, വിമത ബിജെപി സിറ്റിങ് എംഎൽഎമാരെ സ്വാധീനിക്കാൻ സഹായിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിൽ രണ്ടുതവണ പ്രചാരണത്തിനെത്തിയപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് തവണ സംസ്ഥാനം സന്ദർശിച്ചു. കൂടാതെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരും പാർട്ടിയുടെ വിവിഐപി പ്രചാരകരിൽ ഉൾപ്പെട്ടിരുന്നു.
അതേസമയം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് കോൺഗ്രസിന്‍റെ ശക്തമായ തെരെഞ്ഞെടുപ്പ് പ്രചാരണം നടന്നു. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടന്ന വെർച്വൽ റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് പ്രിയങ്ക ഗാന്ധിയും രംഗത്തുണ്ടായിരുന്നു. കൂടാതെ തെരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കാൻ ജയറാം രമേശിനെപ്പോലുള്ള മുതിർന്ന നേതാക്കളെയും കോൺഗ്രസ് നിയോഗിച്ചിരുന്നു.