അഗർത്തല: ത്രിപുരയിൽ സിപിഎം പ്രവർത്തകരെ ബിജെപി ഗുണ്ടകൾ ആക്രമിച്ചതായി പ്രതിപക്ഷ നേതാവ് മാണിക് സർക്കാർ. കാൾ മാർക്‌സിന്‍റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് ത്രിപുരയിലെ ശാന്തിർബസാറിലെ പാർട്ടി പ്രവർത്തകരുടെ വീട് സന്ദർശിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്കാര്‍ പാർട്ടി പ്രവർത്തകർക്ക് നേരെ കല്ലെറിയുകയായിരുന്നു. എന്നാൽ ആക്രമണത്തിൽ ആർക്കും പരിക്കേറ്റട്ടില്ലെന്ന് ശാന്തിർബസാറിലെ സബ് ഡിവിഷണൽ പൊലീസ് ഉദ്യോഗസ്ഥൻ നിരുപം ദത്ത പറഞ്ഞു.
സിപിഎം പ്രവർത്തകരെ ബിജെപി ഗുണ്ടകൾ ആക്രമിച്ചെന്ന് മാണിക് സർക്കാർ
പാർട്ടി പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞെന്ന് ത്രിപുര മുന്‍ മുഖ്യമന്ത്രി.
കൂടുതൽ വായനയ്‌ക്ക്:കൊവിഡ് രോഗികൾക്ക് കിടക്ക വിതരണം; കോൺഗ്രസിനെ വിമർശിച്ച് തേജസ്വി സൂര്യ
സിപിഎം പ്രതിനിധികൾ റോഡിലൂടെ നടക്കുമ്പോൾ അക്രമികള്‍ കല്ലെറിയുകയായിരുന്നു. അവര്‍ കരിങ്കൊടി കാട്ടി. 'മാണിക് സർക്കാർ തിരികെ പോകുക' എന്ന് മുദ്രാവാക്യം വിളിച്ചു. സി.പി.എം നേതാക്കളുടെ സന്ദർശനത്തെക്കുറിച്ച് പൊലീസ് ഡയറക്ടർ ജനറലിനെ മുൻകൂട്ടി അറിയിച്ചിരുന്നിട്ടും ആക്രമണമുണ്ടായി. മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണുണ്ടായത്. സിപിഎം പ്രവർത്തകർക്കെതിരായ അക്രമങ്ങള്‍ അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും മാണിക് സർക്കാർ പറഞ്ഞു. അതേസമയം അക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരല്ലെന്നും 25 വർഷങ്ങൾക്ക് മുൻപ് സിപിഎമ്മിൽ നിന്ന് പോയവരാണെന്നുമായിരുന്നു ത്രിപുര വിദ്യാഭ്യാസ മന്ത്രി രത്തൻ ലാൽ നാഥിന്‍റെ മറുപടി.